വിജയവാഡാ : ഇന്ത്യയില്‍ അവിശ്വസനീയമായ സാധ്യതകളാണ് തുറന്ന് കിടക്കുന്നതെന്നും ആഗോളതലത്തില്‍ വലിയ അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍. ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെടുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അന്താരാഷ്ട്ര വിപണിയില്‍ ആവശ്യക്കാര്‍ ഏറെയാണ്. 13 വിദേശ സ്റ്റാര്‍ട്ടപ്പ് കമ്പനികളാണ് ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങുന്നതെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. വിജയവാഡയിലെ വിജ്ഞ്യാന്‍ സര്‍വ്വകലാശാലയുടെ പതിനൊന്നാമത് ബിരുദദാന ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു നിര്‍മ്മലാ സീതാരാമന്‍.
മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി വ്യവസായികള്‍ എല്ലാ ഉല്‍പ്പന്നങ്ങളും ഇന്ത്യയില്‍ നിര്‍മ്മിച്ച് വിദേശത്തേക്ക് കയറ്റുമതി ചെയ്യാന്‍ താല്‍പര്യപ്പെടുന്നു. ഭാരതത്തിലെ കുട്ടികള്‍ ഇനി മുതല്‍ സോഫ്റ്റ്വെയര്‍, ഐടി കമ്പനികളിലെ ജോലിയില്‍ മാത്രം ഒതുങ്ങാതെ പുതിയ വിഷയങ്ങളില്‍ പഠനം നടത്തണം. പുതിയ ഉല്‍പ്പന്നങ്ങള്‍, അപൂര്‍വ ധാതുക്കള്‍, മെറ്റീരിയല്‍ സയന്‍സ്, ഡ്രോണ്‍ സാങ്കേതികവിദ്യ, പ്രകൃതി വാതക സാങ്കേതികവിദ്യ തുടങ്ങി നിരവധി മേഖലകളില്‍ ഗവേഷണം നടത്താന്‍ വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്ന് കേന്ദ്ര മന്ത്രി വ്യക്തമാക്കി.
ഈ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനായാണ് കേന്ദ്ര സര്‍ക്കാര്‍ നിലവിലെ വിദ്യാഭ്യാസ സമ്പ്രദായം STEM (ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതശാസ്ത്രം) എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്നത്. കൂടാതെ ഐഎസ്ആര്‍ഒയുടെ ചന്ദ്രയാന്‍-3 ദൗത്യവും 2040 ഓടെ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഗഗന്‍യാന്‍ ദൗത്യം ആരംഭിക്കാനുള്ള സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധതയും ഉദ്ധരിച്ചുകൊണ്ട് ബഹിരാകാശ പര്യവേഷണത്തില്‍ രാജ്യം കൈവരിച്ച നേട്ടങ്ങളും നിര്‍മ്മല സീതാരാമന്‍ ചൂണ്ടിക്കാട്ടി.
ഹൈദരാബാദിലെ അനന്ത് ടെക്നോളജീസിന്റെ സ്ഥാപകന്‍ സുബ്ബറാവു പാവുലൂരി, ഹൈദരാബാദിലെ വിംത ലാബ്സ് ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ എസ്. പി. വാസിറെഡ്ഡി, ഇന്ത്യന്‍ ചെസ്സ് താരം കൊനേരു ഹംപി തുടങ്ങിയവര്‍ക്ക് ചടങ്ങില്‍ ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. 1,820 വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ ബിരുദം നല്‍കി ആദരിച്ചു.
Discussion about this post