തിരുവനന്തപുരം: സിനിമാ തിയേറ്ററിലെ ഇരുട്ടിൽ അർദ്ധ നഗ്നനായി മുട്ടിലിഴഞ്ഞ് മോഷണം നടത്തുന്ന പ്രതിക്കായി അന്വേഷണം ആരംഭിച്ച് പോലീസ്. സിസിടിവിയിൽ പതിഞ്ഞ പ്രതിയുടെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. ആറ്റിങ്ങൾ ഗംഗ തിയേറ്ററിലെ സിസിടിവിയിൽ കഴിഞ്ഞ ദിവസം പതിഞ്ഞ ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
പൊതുവെ ആൾത്തിരക്കില്ലാത്ത ഷോയാണ് പ്രതി മോഷണത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. മാന്യമായി വസ്ത്രം ധരിച്ച് ടിക്കറ്റെടുത്ത് അകത്ത് കയറുന്ന പ്രതി, ഷോ തുടങ്ങി കഴിഞ്ഞാൽ ഷർട്ട് ഊരി മാറ്റി മുട്ടിലിഴഞ്ഞാണ് പഴ്സിലെ പണം മോഷ്ടിക്കുക. സിനിമയിൽ മുഴുകിയിരിക്കുന്ന ആളുകൾ ഏറെ സമയം കഴിഞ്ഞായിരിക്കും മോഷണ വിവരം അറിയുക. അപ്പോഴേക്കും വീണ്ടും ഷർട്ട് ധരിച്ച്, ഒന്നും അറിയാത്തവനെ പോലെ പ്രതി സ്വന്തം സീറ്റിൽ ഇരിപ്പുറപ്പിച്ചിട്ടുണ്ടാകും.
കഴിഞ്ഞ ദിവസം തിയേറ്ററിൽ സിനിമ കാണാൻ എത്തിയ ചില യുവാക്കൾ പണം നഷ്ടപ്പെട്ടതായി പരാതിപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. വിദഗ്ധമായി മോഷണം നടത്തുന്ന പ്രതിയുടെ ദൃശ്യങ്ങൾ ചില പ്രാദേശിക മാദ്ധ്യമങ്ങൾ സംപ്രേഷണം ചെയ്തിരുന്നു.
Discussion about this post