തിരുവനന്തപുരം; സ്‌ക്രീൻ ഷെയർ ആപ്പുകളിലൂടെ ഓൺലൈൻ തട്ടിപ്പ് വ്യാപകമാകുന്നുവെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് ഇക്കാര്യത്തിൽ പോലീസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്.
അക്കൗണ്ട് ഉടമയുടെ വിവരങ്ങൾ ചോർത്താനുള്ള പുതുവഴിയാണ് സ്‌ക്രീൻ ഷെയർ (സ്‌ക്രീൻ പങ്കുവെക്കൽ) ആപ്ലിക്കേഷനുകളെന്ന് പോലീസ് പറയുന്നു. ബാങ്കിന്റെയോ മറ്റു സ്ഥാപനങ്ങളുടെയോ പ്രതിനിധികൾ എന്ന വ്യാജേന ഫോൺ ചെയ്യുന്നവരാണ് ആളുകളെ ഇങ്ങനെ കബളിപ്പിച്ച് വിവരങ്ങൾ ശേഖരിക്കുന്നത്.
ഉപഭോക്താക്കളെ ചില ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാൻ നിർബന്ധിക്കും. അതിനുള്ള ലിങ്കുകളും മെസേജുകളായി അയച്ചുതരും. ബാങ്കുകളുടേതിന് സമാനമായ വ്യാജ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്താൽ അതിലെ സ്‌ക്രീൻ ഷെയറിങ് മാർഗ്ഗത്തിലൂടെ അക്കൗണ്ട് ഉടമയുടെ വിവരങ്ങൾ ശേഖരിച്ച് തട്ടിപ്പ് നടത്തുകയാണ് ലക്ഷ്യം
ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്ത് തുറന്നാലുടൻ ഫോണിലെ വിവരങ്ങൾ തട്ടിപ്പുകാരുടെ കൈകളിലെത്തും. ഇത്തരം ഫോൺകോളുകൾ, എസ്.എം.എസ്. സന്ദേശം, ഇ-മെയിലുകൾ എന്നിവ അവഗണിക്കണമെന്നും ക്രെഡിറ്റ്കാർഡ് വിവരങ്ങൾ, അവയുടെ കാലാവധി അവസാനിക്കുന്ന തീയതി, സി.വി.സി, ഒ.ടി.പി, പിൻ നമ്പറുകൾ എന്നിവ ആരുമായും പങ്കുവെയ്ക്കരുതെന്നും പോലീസ് മുന്നറിയിപ്പ് നൽകി.
ബാങ്കുകളോ മറ്റ് അംഗീകൃത ധനകാര്യ സ്ഥാപനങ്ങളോ ഉപഭോക്താക്കളോട് വ്യക്തിവിവരങ്ങൾ ഫോണിലൂടെ ആവശ്യപ്പെടില്ലെന്നും പോലീസ് ആവർത്തിച്ചു. വിവിധ രീതിയിൽ ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമായതോടെയാണ് പോലീസ് സമൂഹാദ്ധ്യമങ്ങളിലൂടെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി തുടങ്ങിയത്. ഇതിന്റെ ഭാഗമായിട്ടാണ് പുതിയ സന്ദേശവും.
Discussion about this post