തിരുവനന്തപുരം:ദക്ഷിണേന്ത്യയിൽ ഹൈന്ദവ ഐക്യത്തിന് ബി ജെ പി ക്ക് മുൻപേ നടന്ന വ്യക്തിയായിരുന്നു ഭാരത കേസരി മന്നത്ത് പദ്മനാഭൻ എന്ന് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി പ്രസിഡന്റ് കെ എസ് ആർ മേനോൻ.അന്തരിച്ച ആർ എസ് എസ് നേതാവ് പ്രൊഫ് എം കെ ഗോവിന്ദൻ നായരുടെ ഓർമ്മക്കായി അദ്ദേഹത്തിന്റെ പേരിലുള്ള ഫൌണ്ടേഷനും, ചാങ്ങ വീട്ടിൽ കുടുംബ യോഗവും ചേർന്ന് ഏർപ്പെടുത്തിയ ”സ്മൃതി ഗോവിന്ദം” അവാർഡ് ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു കെ എസ് ആർ മേനോൻ.പന്തളം തട്ടയിൽ എസ് കെ വി യു പി സ്‌കൂളിൽ നിരവധിപേർ പങ്കെടുത്ത ചടങ്ങിൽ ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള ആദ്യത്തെ ”സ്മൃതി ഗോവിന്ദം” പുരസ്‌കാരം പ്രശസ്ത എഴുത്തുകാരനും, പ്രഭാഷകനും ആയ ഡോ കെ എസ് രാധാകൃഷ്ണന് കൈമാറി.
”ഹൈന്ദവ ഏകീകരണത്തിനു നവ കേരളത്തിൽ തുടക്കം കുറിച്ച മന്നത്ത് ആചാര്യനെ നാം മറക്കാൻ പാടില്ല. മുൻ മുഖ്യമന്തി ആർ ശങ്കറു മായി ചേർന്ന് ഹിന്ദു മഹാമണ്ഡലം രൂപീകരിച്ചത് മന്നം ആയിരുന്നുവെന്ന് കെ എസ് ആർ മേനോൻ പറഞ്ഞു.
ഹിന്ദു മഹാമണ്ഡലം വിചാരിച്ച ഫലം കണ്ടില്ലെങ്കിലും, മറ്റു അഖിലേന്ത്യാ ഹിന്ദു നേതാക്കളുമായി അദ്ദേഹം അടുത്ത ബന്ധം പുലർത്തി. പലരിൽ നിന്നും എതിർപ്പുകൾ ഉണ്ടായിട്ടും സ്വാതന്ത്ര്യ സമര നേതാവും, ഹിന്ദു മഹാ സഭ പ്രസിഡന്റും ആയ വീർ സവർക്കറെ ചങ്ങനാശ്ശേരിയിൽ നടന്ന എൻ എസ് എസ് രജത ജൂബിലി സമ്മേളനത്തിൽ ക്ഷണിച്ചു വരുത്തി പ്രസംഗിപ്പിച്ചു.ആർ എസ് എസ് നേതാവ് ഗോൾവാൾക്കറുമായി അദ്ദേഹം അഭേദ്യ ബന്ധം പുലർത്തിയിരുന്നു. ആർ എസ് എസ് നു തിരു കൊച്ചി തമിഴ് ശാഖകളുടെ യോഗം നടത്താൻ ആർ ശങ്കരുടെ സഹായത്തോടെ കൊല്ലം എസ് എൻ കോളേജിൽ വേദി ഒരുക്കി.”കന്യാകുമാരിയിൽ തലയുയർത്തി നിൽക്കുന്ന വിവേകാനന്ദ സ്മാരകം യാഥാർത്ഥ്യം ആക്കാൻ മന്നം നേതൃത്വം കൊടുത്തു. ആർ എസ് എസ് നേതാവ് എകനാധ് റാനഡേയുമായി ചേർന്ന് ഉണ്ടാക്കിയ ശിലാസമാരക സമിതിയുടെ അധ്യക്ഷൻ മന്നത്ത് ആചാര്യൻ ആയിരുന്നു.”
ഹൈന്ദവ സംസ്‌കാരത്തെ കുറിച്ചും, അദ്വൈത സിദ്ധാന്തത്തെ കുറിച്ച് ഏറെ എഴുതുകയും പ്രഭാഷണങ്ങൾ നടത്തുകയും ചെയ്യുന്ന ഡോ കെ എസ് രാധാകൃഷ്ണൻ അവാർഡിന് എന്ത് കൊണ്ടും അർഹനാണ് എന്ന് ഗവർണർ ശ്രീധരൻ പിള്ള പറഞ്ഞു. ചടങ്ങിൽ ഡോ രാധാകൃഷ്ണനെ പൊന്നാട അണിയിച്ചു ഗവർണർ ആദരിച്ചു.
ആർ എസ് എസ് നേതാക്കൾ ആയ എസ് സേതുമാധവൻ, ജെ നന്ദകുമാർ, ഗോവിന്ദൻ നായർ ഫൌണ്ടേഷൻ കൺ വീനർ ശ്രീദത്ത്, ഡോ രമാദേവി എന്നിവർ പ്രസംഗിച്ചു. ലണ്ടൻ ആസ്ഥാനമായ റോയൽ കോമൺ വെൽത്ത് ഉപന്യാസ മത്സരത്തിൽ വിജയിയായ അദിതി എസ് നായർ, തിരക്കഥ കൃത്ത് ബാബുജി നായർ എന്നിവരെയും സമ്മേളനം ആദരിച്ചു. എൻ എസ് എസ് ഒന്നാം നമ്പർ കരയോഗം തട്ടയിൽ ആണെന്നത് യോഗത്തിൽ എടുത്തു പറയുകയുണ്ടായി.
Discussion about this post