കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ഒഡിഷ എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് ഒഡിഷയെ തകർത്തത്. ഡയമന്റക്കോസും ലൂണയും ബ്ലാസ്റ്റേഴ്സിനായി സ്കോർ ചെയ്തപ്പോൾ, മൗറീഷ്യോയുടെ വകയായിരുന്നു ഒഡിഷയുടെ ഗോൾ.
പതിനഞ്ചാം മിനിറ്റിൽ മൗറീഷ്യോയിലൂടെ ഒഡിഷയാണ് ആദ്യം സ്കോർ ചെയ്തത്. ഗൊദാർദിന്റെ പാസ് സ്വീകരിച്ച മൗറീഷ്യോ, സുരക്ഷിതമായി പന്ത് വലയിലെത്തിക്കുകയായിരുന്നു.
ഇരുപതാം മിനിറ്റിൽ നവോചയുടെ ഹാൻഡ് ബോൾ ഒഡിഷക്ക് പെനാൽട്ടി സമ്മാനിച്ചതോടെ കലൂർ സ്റ്റേഡിയം വീണ്ടും നിശബ്ദമായി. എന്നാൽ മൗറീഷ്യോ എടുത്ത പെനാൽട്ടി കിക്ക് ബ്ലാസ്റ്റേഴ്സ് ഗോൾ കീപ്പർ സച്ചിൻ തട്ടിയകറ്റിയതോടെ ഗാലറികളിൽ ആശ്വാസ നിശ്വാസങ്ങൾ ഉതിർന്നു. തൊട്ടടുത്ത ഗോൾ അവസരം കൂടി സച്ചിൻ തട്ടി അകറ്റിയതോടെ ബ്ലാസ്റ്റേഴ്സിൽ പോരാട്ടവീര്യം ഉണർന്നു.
രണ്ടാം പകുതിയിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ രണ്ട് ഗോളുകളും പിറന്നത്. പകരക്കാരനായി ഡയമന്റക്കോസ് ഇറങ്ങിയതോടെ കളിയുടെ താളം മാറി. തുടർച്ചയായ ആക്രമണങ്ങളിലൂടെ പെപ്രയും ഡെയ്സുകെയും ഒഡിഷ ഗോൾമുഖത്ത് പ്രകമ്പനങ്ങൾ സൃഷ്ടിച്ചു. അറുപത്തിയേഴാം മിനിറ്റിൽ ഡെയ്സുകെയുടെ പാസ് മികച്ച ഫിനിഷിംഗിലൂടെ ഡയമന്റക്കോസ് ഗോളാക്കി മാറ്റിയതോടെ ഗാലറിയിൽ ആരവങ്ങളുയർന്നു.
എൺപത്തി നാലാം മിനിറ്റിലാണ് അഡ്രിയൻ ലൂണയിലൂടെ ബ്ലാസ്റ്റേഴ്സിന്റെ വിജയ ഗോൾ പിറന്നത്. ഇതോടെ കൊച്ചിയിൽ മഞ്ഞക്കടൽ ആർത്തിരമ്പി. ഇന്നത്തെ വിജയത്തോടെ, 10 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് ലീഗിൽ രണ്ടാം സ്ഥാനത്ത് എത്തി. 10 പോയിന്റുകളും മികച്ച ഗോൾ ശരാശരിയുമുള്ള എഫ് സി ഗോവയാണ് ഒന്നാമത്.
Discussion about this post