ന്യൂഡൽഹി: ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് ഇസ്രയേലിനെതിരെ അറബ് രാജ്യങ്ങൾ കൊണ്ടുവന്ന പ്രമേയത്തിൽ നിന്നും വിട്ടുനിന്ന് ഇന്ത്യ. അമേരിക്ക ഉൾപ്പെടെ 14 രാജ്യങ്ങൾ പ്രമേയത്തിനെതിരെ വോട്ട് ചെയ്തു. ഇന്ത്യ ഉൾപ്പെടെ 45 അംഗ രാജ്യങ്ങൾ പ്രമേയത്തിൽ നിന്നും വിട്ടുനിന്നു.
ഒക്ടോബർ 7ന് ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണം ഞെട്ടിക്കുന്നതാണെന്നും ബന്ദികളെ എത്രയും വേഗം വിട്ടയക്കാൻ ഹമാസ് തയ്യാറാകണമെന്നും ഇന്ത്യയുടെ പ്രതിനിധി യോജന പട്ടേൽ ആവശ്യപ്പെട്ടു. ഗാസയിൽ മനുഷ്യനാശം തുടരുകയാണെന്നും അതിന് എത്രയും വേഗം പരിഹാരമുണ്ടാകണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
ഇന്ത്യ എല്ലാ കാലത്തും ലോക സമാധാനത്തിന് വേണ്ടി നിലകൊള്ളുന്ന രാജ്യമാണ്. അക്രമം അവസാനിപ്പിക്കാൻ എല്ലാവരും തയ്യാറാകണം. പശ്ചിമേഷ്യയിൽ സമാധാനം പുലരണം എന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ദ്വിരാഷ്ട്ര പരിഹാര മാർഗം എന്ന ആശയത്തെ ഇന്ത്യ പിന്തുണയ്ക്കുന്നുവെന്നും യോജന പട്ടേൽ പറഞ്ഞു.
ജോർദാനാണ് ഐക്യരാഷ്ട്ര സഭയിൽ പ്രമേയം അവതരിപ്പിച്ചത്. ഐക്യരാഷ്ട്ര രക്ഷാസമിതിയിൽ പ്രമേയം നിലനിൽക്കാതെ പോയതിനാലാണ് പ്രമേയം പൊതുസഭയിൽ അവതരിപ്പിച്ചത്. പൊതുസഭയിലെ പ്രമേയങ്ങൾക്ക് സാധുത കുറവാണ്. ഗാസയിൽ അടിയന്തിരമായി വെടിനിർത്തൽ ആവശ്യമാണെന്നും പലസ്തീന് മാനുഷിക സഹായങ്ങൾ എത്തിക്കണമെന്നും ആവശ്യപ്പെട്ടുള്ള പ്രമേയത്തെ 120 രാജ്യങ്ങൾ പിന്തുണച്ചു.
പ്രമേയത്തിൽ കാനഡ ഭേദഗതി നിർദേശിച്ചെങ്കിലും അതിന് അംഗീകാരം ലഭിച്ചില്ല. ഭേദഗതിയെ 35 രാജ്യങ്ങൾ മാത്രമാണ് പിന്തുണച്ചത്.
Discussion about this post