തിരുവനന്തപുരം: സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട വിവാദം അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സഹോദരിയോട് അദ്ദേഹം പരസ്യമായി ക്ഷമ ചോദിച്ചിരിക്കുന്നു. ഇനിയെങ്കിലും അദ്ദേഹത്തെ വേട്ടയാടുന്നത് നിർത്തണമെന്ന് അഭ്യർത്ഥിക്കുകയാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഒട്ടും ദുരുദ്ദേശപരമല്ലാത്ത ഒരു നടപടിയായിട്ടും മനോവിഷമമുണ്ടായ സഹോദരിയോട് സുരേഷ് ഗോപി പരസ്യമായി ക്ഷമ പറഞ്ഞുകഴിഞ്ഞു. ഇനിയെങ്കിലും ഈ വിവാദം അവസാനിപ്പിക്കണമെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു- സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
മാദ്ധ്യമ പ്രവർത്തകയ്ക്ക് മനോവിഷമം ഉണ്ടായ സാഹചര്യത്തിൽ സമൂഹമാദ്ധ്യമത്തിലൂടെയായിരുന്നു സുരേഷ് ഗോപി ഖേദം പ്രകടിപ്പിച്ചത്. മാദ്ധ്യമങ്ങൾക്ക് മുൻപിൽവച്ച് വാത്സല്യത്തോടെ തന്നെയാണ് ഷിദയോട് പെരുമാറിയതെന്ന് സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു. ജീവിതത്തിൽ ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയോടെ പെരുമാറിയിട്ടില്ല.എന്നാൽ ആ കുട്ടിക്ക് അതിനെ കുറിച്ച് എന്തു തോന്നിയോ അതിനെ മാനിക്കണം എന്നു തന്നെ ആണ് എന്റെയും അഭിപ്രായം. ഏതെങ്കിലും രീതിയിൽ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനിസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നുവെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
Discussion about this post