നമ്മൾ ക്ഷണിക്കാതെ തന്നെ അടുക്കളയിൽ വന്ന് കയറുന്ന അതിഥികളാണ് പാറ്റകൾ. ഭക്ഷണംം പാകം ചെയ്ത് കഴിഞ്ഞ് കുറച്ച് നേരത്തിന് ശേഷം ചെന്ന് നോക്കിയാൽ അടുക്കളയിലൂടെ പാറ്റകൾ ഓടി നടക്കുന്നത് കാണാം. എത്ര വൃത്തിയാക്കിയാലും ഇവ എല്ലാ ദിവസവും അടുക്കളയിലെത്തും. അതിന് കാരണമെന്താണെന്ന് ഇന്നും പലർക്കും മനസിലായിട്ടില്ല.
എല്ലാ ദിവസവും വൃത്തിയാക്കിയാലും പാറ്റകൾ സിങ്കിനടിയിലും കോണുകളിലും സ്ലാബുകൾക്ക് കീഴെയുമെല്ലാം ഒളിച്ചിരിക്കുകയും പ്രജനനം നടത്തുകയും ചെയ്യാം. ഇവയെ ഇല്ലാതാക്കുമെന്ന് അവകാശപ്പെടുന്ന നിരവധി ഉത്പന്നങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. എന്നാൽ ഇത്തരം രാസവസ്തുക്കളുടെ ഉപയോഗം നമ്മുടെ ആരോഗ്യത്തിന് ഹാനികരമാണ്. അതുകൊണ്ട് ആരും വിഷമിക്കേണ്ട, ശരിയായ ചില ചേരുവകൾ ഉപയോഗിച്ച് അടുക്കള വൃത്തിയാക്കിയാൽ ഇവയെ പൂർണമായും തടയാൻ സാധിക്കും.
ചൂടുവെള്ളവും വിനാഗിരിയും ചേർത്തുള്ള മിശ്രിതമാണ് ആദ്യത്തെ വിദ്യ. കുറച്ച് ചൂടുവെള്ളം എടുത്ത് വിനാഗിരിയുടെ ഒരു ഭാഗം അതിൽ ചേർക്കുക. നന്നായി ഇളക്കിയ ശേഷം ഈ മിശ്രിതം ഉപയോഗിച്ച് സ്ലാബുകളും അടുപ്പിന്റെ മുകൾഭാഗവും മറ്റ് പ്രധാന ഇടങ്ങളും തുടച്ച് വൃത്തിയാക്കുക. പൈപ്പുകളും ഡ്രെയിനുകളും അണുവിമുക്തമാക്കുന്നതിലൂടെ ഇവ പാറ്റകളെ അകറ്റിനിർത്തും.
അടുക്കളയിൽ നിന്ന് മാറ്റിനിർത്താനാവാത്ത പച്ചക്കറിയായ വെള്ളരിക്ക ഉപയോഗിച്ചും നമുക്ക് പാറ്റകളെ അകറ്റി നിർത്താനാകും. വെള്ളരിക്കയുടെ രുചിയും മണവും പാറ്റകളിൽ വെറുപ്പുളവാക്കും. അതിനാൽ പാറ്റകൾ വരുന്ന സ്ഥലങ്ങളിൽ വെള്ളരിക്ക കഷ്ണങ്ങളാക്കി മുറിച്ച് വെയ്ക്കാം. ഇത് പാറ്റകളെ വീട്ടിൽ നിന്ന് അകറ്റി നിർത്തും.
മലയാളികളുടെ പ്രിയപ്പെട്ട സുഗന്ധവ്യഞ്ജനമാണ് കറുവാപ്പട്ട. ബിരിയാണിയിലും കറികളിലുമെല്ലാം കറുവാപ്പട്ട ചേർക്കുമ്പോൾ ഉണ്ടാകുന്ന മണം വേറെ തന്നെയാണ്. എന്നാൽ ഇതിന്റെ ശക്തമായ ഗന്ധത്തിന് പാറ്റകളെ ഓടിക്കാൻ സാധിക്കുമെന്ന് നിങ്ങൾക്കറിയാമോ? കറുവാപ്പട്ടയുടെ പൊടി അടുക്കളയിലും സ്ലാബിന് ചുറ്റുമെല്ലാം വിതറുന്നത് പ്രാണികളും പാറ്റകളും അവിടെ മുട്ടയിടുന്നത് തടയാൻ സാധിക്കും.
ചൂടുവെള്ളവും നാരങ്ങയും ബേക്കിംഗ് സോഡയും ചേർത്തുണ്ടാക്കുന്ന മിശ്രിതവും പാറ്റകളെ അകറ്റാൻ നല്ലതാണ്. ഒരു നാരങ്ങ, രണ്ടു ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ എന്നിവ ഒരു ലിറ്റർ ചൂടുവെള്ളത്തിൽ കലർത്തി, നന്നായി ഇളക്കി വെള്ളം പോകുന്ന സിങ്കിന്റെ ഡ്രെയിനേജിൽ ഒഴിക്കുക. ഇത് ഉപയോഗിച്ച് സിങ്കിനോ അല്ലെങ്കിൽ സ്ലാബിനോ താഴെയുള്ള ഭാഗം കഴുകാവുന്നതുമാണ്. അടുക്കളയിൽ പാറ്റകളുടെ പ്രജനനം തടയുന്നതിനുള്ള ഫലപ്രദമായ പരിഹാരം കൂടിയാണിത്.
Discussion about this post