ന്യൂഡൽഹി: രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളിൽ ആക്രമണം നടത്തുമെന്ന ഭീഷണിയുമായി ലഷ്‌കർ ത്വയ്ബ ഭീകരസംഘടന. ജമ്മുകശ്മീരിൽ ലഷ്‌കർ ഭീകരരെ വധിച്ചതിന് പ്രതികാരം ചെയ്യുമെന്നാണ് ഭീഷണി. നവംബർ 13 മ് ഹരിയാനയിലെയും ഉത്തർപ്രദേശിലെയും 10 റെയിൽവേസ്റ്റേഷനുകളാണ് ബോംബ് വെച്ചു തകർക്കുകയെന്ന് ഭീഷണി ഉയർത്തിയിരിക്കുന്നത്. നവംബർ 15ന് ഹരിയാനയിലെ ജഗാദാരി വൈദ്യുതി നിലയം, റെയിൽവേ കോച്ച് ഫാക്ടറി, ബസ് സ്റ്റാൻഡ്, ക്ഷേത്രങ്ങൾ എന്നിവ തകർക്കുമെന്നും ഭീഷണിയുണ്ട്.
ലഷ്‌കറെ ത്വയ്ബ ഏരിയ കമാൻഡർ എന്നവകാശപ്പെടുന്ന കരീം അൻസാരിയുടെ പേരിൽ ഹരിയാനയിലെ യമുനാ നഗർ ജഗാദാരി റെയിൽവേ സ്റ്റേഷനിൽ 26നാണ് കത്ത് ലഭിച്ചത്. അംബാല കാന്റ്, പാനിപ്പത്ത്, കർണാൽ, സോനിപ്പത്ത്, ചണ്ഡിഗർ, ഭിവാനി, മീററ്റ്, ഗാസിയാബാദ്, കൽക്ക, സഹാറാൻപൂർ എന്നീ പ്രധാന റെയിൽവേ സ്റ്റേഷനുകൾ തകർക്കുമെന്നാണ് കത്തിലുള്ളത്. ഭീഷണിയുടെ പശ്ചാത്തലത്തിൽ
റെയിൽവേ സ്റ്റേഷനുകൾക്കും ട്രെയിനുകൾക്കും സുരക്ഷ വർദ്ധിപ്പിച്ചതായി റെയിൽവേ അധികൃതർ അറിയിച്ചു
ഭീഷണിക്കത്ത് നോർത്തേൺ റെയിൽവേ ആർ.പി.എഫ് ചീഫ് സെക്യൂരിറ്റി കമ്മിഷണർക്ക് കൈമാറി. ഹരിയാനയിലെ സ്റ്റേഷനുകൾ തകർക്കുമെന്ന ഭീഷണി മുമ്പും ഉണ്ടായിട്ടുണ്ടെങ്കിലും ഭീഷണി തള്ളുന്നില്ലെന്ന് റെയിൽവേ അറിയിച്ചു.
Discussion about this post