ന്യൂഡൽഹി: സിപിഐഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ ധർണ്ണ ഇന്ന് ഡൽഹിയിൽ. 12 മണിക്ക് എകെജി ഭവന് മുന്നിലാണ് ധർണ നിശ്ചയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളും പൊളിറ്റ് ബ്യൂറോ അംഗങ്ങളും ധർണയിൽ പങ്കെടുക്കും.
പലസ്തീൻ ജനതയ്‌ക്കൊപ്പമാണെന്നും ഗാസയിലെ കൂട്ടക്കൊലകൾ ഇസ്രയേൽ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ധർണ സംഘടിപ്പിക്കുന്നത്. കേന്ദ്ര കമ്മറ്റിയിലെ മുഴുവൻ അംഗങ്ങളും ധർണയിൽ പങ്കെടുക്കുമെന്നും സിപിഐ എം അറിയിച്ചു.രണ്ട് ദിവസമായി ഡൽഹിയിൽ തുടരുന്ന സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗം സമാപിച്ചതിന് ശേഷമാകും നേതാക്കൾ എകെജി ഭവനിൽ എത്തുക.
ഹമാസിനെകുറിച്ചുള്ള പാർട്ടി നിലപാട് ആരാഞ്ഞ മാദ്ധ്യമപ്രവർത്തകരോട് ജയിച്ച് അധികാരത്തിലെത്തിയ സംഘടനയാണ് ഹമാസെന്നായിരുന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രതികരണം. ഹമാസിനെ ഭീകരസംഘടനയായി ഇന്ത്യ ഇതുവരെയും മുദ്രകുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Discussion about this post