എറണാകുളം: കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് പോലീസിന് നിർണായക വിവരങ്ങൾ കൈമാറി പ്രതി ഡൊമിനിക് മാർട്ടിൻ. ഇലക്ട്രിക് ഡിറ്റോണേറ്റർ സ്വയം വാങ്ങിയെന്നാണ് ഡൊമിനിക് പറയുന്നത്. ബോംബ് നിർമ്മാണത്തിനായി ആകെ ചിലവായത് 3000 രൂപയാണെന്നും ഇയാൾ പോലീസിനോട് പറഞ്ഞിട്ടുണ്ട്.
പെട്രോളും, ഗുണ്ടും വാങ്ങാനാണ് ഇതിൽ കൂടുതൽ പണവും ആവശ്യമായിരുന്നത്. സാമഗ്രികൾ ശേഖരിച്ച ശേഷം വീടിന്റെ ടെറസിൽ ആയിരുന്നു ബോംബ് നിർമ്മാണം. ഇന്റർനെറ്റ് നോക്കിയായിരുന്നു ബോംബ് നിർമ്മിക്കുന്നതിനായി പരിശീലനം നേടിയത്. ആലുവയിലെ തറവാട് വീടിന്റെ ടെറസിൽവച്ച് പുലർച്ചെയ്ക്ക് ആയിരുന്നു ബോംബ് ഉണ്ടാക്കിയത്. ഇതിന് ശേഷം ഇതുമായി നേരെ കളമശ്ശേരിയിൽ എത്തുകയായിരുന്നു.
ആറിടങ്ങളിൽ ആയിരുന്നു ബോംബുവച്ചത്. ഏഴ് മണിയോടെ ആദ്യത്തേത് ഹാളിലെ കസേരകളിൽ ഒന്നിൽ സ്ഥാപിച്ചു. ഈ സമയം മൂന്ന് പേർ മാത്രം ആയിരുന്നു സ്ഥലത്ത് ഉണ്ടായിരുന്നത്. പ്ലാസ്റ്റിക് കവറുകളിലാണ് ബോംബുവച്ചത്. എട്ട് ലിറ്റർ പെട്രോൾ ആണ് കൃത്യത്തിനായി ഉപയോഗിച്ചത്. പെട്രോൾ നിറച്ച പ്ലാസ്റ്റിക് ബാഗിൽ റിമോട്ട് ഘടിപ്പിച്ചു. 50 ഗുണ്ടുകൾ ആണ് പൊട്ടിച്ചത്. തൃപ്പൂണിത്തുറയിലെ പടക്കകടയിൽ നിന്നാണ് ഇവയെല്ലാം വാങ്ങിയത് എന്നും ഡൊമിനിക് മാർട്ടിൻ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
സ്‌ഫോടന സമയം മാർട്ടിന്റെ ഭാര്യാ മാതാവും ഹാളിൽ ഉണ്ടായിരുന്നു. എന്നാൽ ഇയാൾ ദൗത്യത്തിൽ നിന്നും പിന്മാറിയില്ല. സ്‌ഫോടനത്തിൽ ഇവർക്ക് പരിക്കില്ലെന്നും മാർട്ടിൻ മൊഴി നൽകിയതായി പോലീസ് വ്യക്തമാക്കി.
Discussion about this post