എറണാകുളം: കളമശ്ശേരിയിൽ പ്രാർത്ഥനാ യോഗത്തിനിടെ ഉണ്ടായ സ്‌ഫോടനത്തിൽ പരിക്കേറ്റ നാല് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. ആരോഗ്യമന്ത്രി വീണാ ജോർജ് ആണ് മാദ്ധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്. കളമശ്ശേരി മെഡിക്കൽ കോളേജിലും സമീപത്തെ സ്വകാര്യ ആശുപത്രികളിലുമാണ് പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്നത്.
17 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇതിൽ 12 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇന്നലെ അർദ്ധ രാത്രി മരിച്ച 12 വയസ്സുകാരി ലിബിനയുടെ അമ്മയും സഹോദരനുമാണ് ഗുരുതരാവസ്ഥയിൽ ഉള്ളത്. അമ്മയ്ക്ക് 50 ശതമാനം പൊള്ളലും സഹോദരന് 60 ശതമാനം പൊള്ളലുമാണ് ഏറ്റത്. ഇവർ രണ്ട് പേരും വെന്റിലേറ്ററിൽ തുടരുകയാണ്. നാല് പേരാണ് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഗുരുതരവാസ്ഥയിലുള്ളം നാല് പേർ രാജഗിരി, ആസ്റ്റർ മെഡിസിറ്റി എന്നിവിടങ്ങളിലാണ് ചികിത്സയിൽ കഴിയുന്നത്.
സ്ഫോടനം ഉണ്ടായതിന് പിന്നാലെ 52 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇതിൽ 36 പേർക്കാണ് സ്‌ഫോടനത്തിൽ പൊള്ളലേറ്റത്. ബാക്കിയുള്ളവർ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വീണ് പരിക്കേറ്റവർ ആണ്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവർ ഇന്നലെയും ഇന്നുമായി ആശുപത്രിവിട്ടിരുന്നു.
അതേസമയം സ്‌ഫോടനത്തിൽ മരിച്ചവരുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. കളമശ്ശേരി മെഡിക്കൽ കോളേജിൽ ഡോക്ടർമാരുടെ പ്രത്യേക സംഘം ആണ് പോസ്റ്റ്‌മോർട്ടം നടത്തുന്നത്. ഉച്ചയോടെ നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
Discussion about this post