കൊച്ചി: കുതിരാനിൽ മേൽക്കൂരയില്ലാത്ത വീട്ടിൽ ഒറ്റപ്പെട്ട ജീവിതം നയിക്കുകയായിരുന്ന അന്നക്കുട്ടിക്ക് തണലൊരുക്കി നടൻ ഉണ്ണി മുകുന്ദൻ. 75 കാരിയുടെ ദുരിതജീവിതം മാദ്ധ്യമങ്ങൾ വഴി അറിഞ്ഞ താരം ഇവർക്കൊരു കൈത്താങ്ങുകയായിരുന്നു.
2018ലെ പ്രളയത്തിലാണ് അന്നക്കുട്ടിയുടെ വീട് തകർന്നത്. പുതിയ വീടിനായി സർക്കാരിൽ നിന്നും നാല് ലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും പണം കൈക്കലാക്കിയ കരാറുകാരൻ പണി പാതിവഴിയിൽ ഉപേക്ഷിച്ചു പോവുകയായിരുന്നു.
ഇതോടുകൂടി അന്നക്കുട്ടിയുടെ ജീവിതം പ്രതിസന്ധിയിൽ ആയി. ഇക്കാര്യങ്ങൾ മനസ്സിലാക്കിയ ഉണ്ണി മുകുന്ദന്റെ പിതാവ് മുകുന്ദൻ, കമ്പനി സി ഒ ജയൻ മഠത്തിൽ എന്നിവർ സ്ഥലത്തെത്തി അന്നക്കുട്ടിക്ക് ഉറപ്പ് നൽകി. പിന്നാലെ പ്രവർത്തനങ്ങളും ആരംഭിച്ചു. മേൽക്കൂര നിർമിക്കുന്നതിന് പുറമെ നിലവിലെ വീട് പൂർണമായും ഉറപ്പുള്ളതാക്കി വാതിലുകളും ജനലുകളും സ്ഥാപിച്ചു. നിലം പൂർണ്ണമായും ടൈൽ വിരിച്ചതാക്കി. സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനിയുടെ സഹായത്തോടെയാണ് വീട് പുനർനിർമ്മിച്ചത്. പുതിയ വീടിന്റെ താക്കോൽ തൃശ്ശൂർ കുതിരാനിലെ വീട്ടിൽ വെച്ച് ഒക്ടോബർ 29-ന് വൈകിട്ട് 4.30 ന് ഉണ്ണി മുകുന്ദൻ അന്നക്കുട്ടിക്ക് കൈമാറി
അതേസമയം, ‘ഗന്ധർവ്വ ജൂനിയർ’ എന്ന ചിത്രമാണ് ഉണ്ണി മുകുന്ദൻറേതായി അണിയറയിൽ ഒരുങ്ങുന്ന ഒരു ചിത്രം. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിഷ്ണു അരവിന്ദ് ആണ്.
Discussion about this post