ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് എൻഫോഴ്‌സെന്റ് ഡയറക്ടറേറ്റിന് സമൻസ്. ഡൽഹി മദ്യനയ അഴിമതിക്കേസിലാണ് സമൻസ് അയച്ചത്. അടുത്ത മാസം (നവംബർ) രണ്ടിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ ഏപ്രിൽ മാസത്തിൽ ഇതേ കേസിൽ ഇഡി അരവിന്ദ് കെജ്രിവാളിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു.
ഇന്ന് കേസിൽ ജയിലിൽ കഴിയുന്ന മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് കോടതി ജാമ്യം നിഷേധിച്ചിരുന്നു. കേസിന്റെ വിചാരണ ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നത് കൂടി കണക്കിലെടുത്താണ് തീരുമാനം. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്വിഎൻ ഭട്ടി എന്നിവരുൾപ്പെട്ട ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സിബിഐയും രജിസ്റ്റർ ചെയ്ത കേസുകളിലെ ജാമ്യാപേക്ഷകളിലാണ് സുപ്രീം കോടതി വിധി പറഞ്ഞത്.
മദ്യനയം രൂപീകരിച്ചതിലൂടെ ആം ആദ്മി പാർട്ടിയും മനീഷ് സിസോദിയ ഉൾപ്പടെയുള്ളവരും സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.
ചില സ്വകാര്യ കമ്പനികൾക്ക് മദ്യവില്പനയുടെ മൊത്തവ്യാപാരം നൽകാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് നയം നടപ്പാക്കിയതെന്നാണ് ഇ ഡിയുടെ ആരോപണം. മുംബൈ ആസ്ഥാനമായ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ മുൻ സിഇഒ വിജയ് നായർ ഉൾപ്പെടുന്ന സൗത്ത് ഗ്രൂപ്പുമായി ചേർന്നാണ് ഗൂഢാലോചന നടത്തിയത്.
Discussion about this post