കോഴിക്കോട്: ലോഡ്ജിൽ യുവാവിനെ വെടിയേറ്റ നിലയിൽ കണ്ടെത്തി. പേരാമ്പ്ര കാവുംതുറ സ്വദേശി ഷംസുദ്ദീനെയാണ് വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. ഷംസുദ്ദീനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ലോഡ്ജിൽ ആയിരുന്നു സംഭവം. ഇന്നലെ വൈകീട്ടോടെയായിരുന്നു ഷംസുദ്ദീൻ ലോഡ്ജിൽ എത്തിയത്. നിരവധി തവണ ബന്ധുക്കൾ ഇയാളുമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ കഴിഞ്ഞിരുന്നില്ല. ഇതോടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതേ തുടർന്ന് ഇയാളുടെ മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയിരുന്നു. ഇതിലാണ് ലോഡ്ജിൽ ഉണ്ടെന്ന് അറിയുന്നത്. തുടർന്ന് അർദ്ധരാത്രി പോലീസും ബന്ധുക്കളും ഇവിടെ എത്തി പരിശോധന നടത്തുകയായിരുന്നു.
വാതിൽ തുറക്കാത്തതിനെ തുടർന്ന് പോലീസ് വാതിൽ ചവിട്ടി തുറന്നു. അപ്പോഴാണ് വെടിയേറ്റ് രക്തംവാർന്നു പോകുന്ന നിലയിൽ ഷംസുദ്ദീനെ കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സ്വയം വെടിവച്ചതാണെന്നാണ് പോലീസ് നൽകുന്ന വിവരം. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post