തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇരുനില കെട്ടിടത്തിന്റെ ഭാഗം തകർന്നു വീണു. മെഡിക്കൽ കോളേജ് കേറ്ററിംഗ് വർക്കേഴ്‌സ് സൊസൈറ്റിയുടെ കാന്റീനും സ്‌റ്റേഷനറി സ്റ്റോറും പ്രവർത്തിക്കുന്ന കെട്ടിടമാണ് തകർന്ന് വീണത്. സംഭവത്തിൽ ആർക്കും പരിക്കില്ല.
ബലക്ഷയത്തെ തുടർന്നാണ് കെട്ടിടം നിലംപൊത്തിയത് എന്നാണ് സൂചന. വർഷങ്ങൾ പഴക്കമുള്ള കെട്ടിടം ആണ് ഇത്. അടുക്കളയും ചിമ്മനിയും ബീമും ചേർന്ന ഭാഗം ആയിരുന്നു തകർന്നത്. സംഭവ സമയം നൂറ് കണക്കിന് പേരാണ് സ്ഥലത്ത് ഉണ്ടായിരുന്നത്. കെട്ടടത്തിന്റെ ഭാഗം നിലത്ത് വീഴാൻ തുടങ്ങിയതോടെ എല്ലാവരും ചിതറി ഓടുകയായിരുന്നു. മെഡിക്കൽ വിദ്യാർത്ഥികളും, കൂട്ടിരിപ്പുകാരും, കാന്റീൻ ജീവനക്കാരുമാണ് സ്ഥലത്ത് ഉണ്ടായിരുന്നത്.
കാലപ്പഴക്കത്തെ തുടർന്ന് ചുവരുകൾ വിണ്ട നിലയിൽ ആയിരുന്നു കെട്ടിടം. തകർന്നതോടെ മറ്റ് ഭാഗങ്ങളിലെ വിള്ളലുകൾ കൂടുതൽ വലുതായി. കാന്റീൻ ഉൾപ്പെടെ ഈ ഭാഗത്തിൽ ഉൾപ്പെടുന്നു. അപകടം ഉണ്ടായ സാഹചര്യത്തിൽ കാന്റീനിൽ നിന്നും ജീവനക്കാരെ ഒഴിപ്പിക്കണമെന്ന് ഫയർഫോഴ്‌സ് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ സൊസൈറ്റി ഭാരവാഹികൾ ഇതിന് തയ്യാറായില്ല. ഒടുവിൽ അപകടം നടന്ന ഭാഗത്ത് അപായ സൂചനയുടെ ബോർഡ് സ്ഥാപിച്ച് പോലീസും അധികൃതരും തിരികെ പോകുകയായിരുന്നു.
Discussion about this post