തിരുവനന്തപുരം: ഇന്ന് കേരളപ്പിറവി. 67ാം കേരളപ്പിറവി ദിനത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് ഇന്ന് മുതൽ സർക്കാരിന്റെ വിപുലമായ ആഘോഷപരിപാടികൾ ആരംഭിക്കും. കേരളീയമെന്ന പേരിൽ സർക്കാർ സംഘടിപ്പിക്കുന്ന ഒരാഴ്ച നീണ്ട ആഘോഷ പരിപാടികൾക്കാണ് ഇന്ന് തുടക്കമാകുക.
തലസ്ഥാനത്ത് 41 വേദികളിലായാണ് ഏഴ് ദിവസം നീണ്ട ആഘോഷ പരിപാടികൾ. രാവിലെ 10 മണിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കേരളീയം പരിപാടി ഉദ്ഘാടനം ചെയ്യും. സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ തമിഴ് നടൻ കമൽ ഹാസൻ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങി വൻ താരനിര തന്നെ പങ്കെടുക്കുന്നുണ്ട്. 67 വർഷം നീണ്ട കേരളത്തിന്റെ യാത്രയെക്കുറിച്ച് ആളുകളെ അറിയിക്കുകയാണ് കേരളീയം പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
കേരളം ഇതുവരെ കൈവരിച്ച നേട്ടം, ഭാവി കേരളത്തെക്കുറിച്ചുള്ള സ്വപ്‌നങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇതിന് പുറമേ വിവിധ പ്രദർശന മേളകൾ, പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കലാപരിപാടികൾ എന്നിവയും ഉണ്ടാകും. കഴിഞ്ഞ മാസം ആദ്യം തന്നെ കേരളീയം പരിപാടിയ്ക്കായുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. തലസ്ഥാന നഗരിയാകെ ദീപങ്ങൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ആളും ബഹളവുമായി ഉത്സവ പ്രതീതിയിലാണ് തലസ്ഥാന നഗരി. വൻ ഗതാഗത നിയന്ത്രണം ഉൾപ്പെടെ നഗരത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
Discussion about this post