ജയ്പൂർ; നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഎം. രണ്ട് സിറ്റിങ് സീറ്റ് ഉൾപ്പെടെ 17 സീറ്റിലേക്കാണ് സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. രാജസ്ഥാനിൽ കോൺഗ്രസുമായി സഖ്യത്തിലേർപ്പെടാൻ ശ്രമമുണ്ടായിരുന്നെങ്കിലും ഫലം കാണാതെ വന്നതോടെയാണ് ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനം.
നിലവിലെ രണ്ട് എംഎൽഎമാരും സിറ്റിങ് സീറ്റിൽനിന്ന് വീണ്ടും ജനവിധി തേടുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി അമ്രാ റാം വ്യക്തമാക്കി.അമ്രാ റാം സിക്കർ ജില്ലയിലെ ദത്താരംഗഢിൽ മത്സരിക്കും. നേരത്തെ നാലുതവണ എംഎൽഎ ആയിരുന്ന അമ്രാ റാം 2008ൽ ദത്താരംഗഢിൽ ജയിച്ചിരുന്നു.
ഹനുമൻഗഢ് ജില്ലയിലെ ഭദ്രയിൽ ബൽവൻ പുനിയ വീണ്ടും മത്സരിക്കും. മറ്റൊരു സിറ്റിങ് സീറ്റായ ബിക്കാനീറിലെ ദുംഗർഗഢിൽ ഗിർദാരിലാൽ മഹിയ വീണ്ടും ജനവിധി തേടും. ഹനുമൻഗഢ് ജില്ലയിവെ നോഹർ സീറ്റിൽ മനോജ് ചൗധരിയാണ് സിപിഎം സ്ഥാനാർത്ഥി. ഹനുമൻഗഢ് മണ്ഡലത്തിൽ രഘുവീർ വർമയാണ് സ്ഥാനാർത്ഥി. സിക്കർ ജില്ലയിൽ നാലും ചുരു ജില്ലകളിൽ മൂന്നുവീതവും ശ്രീഗംഗാനഗറിലും നഗൗറിലും രണ്ടുവീതവും ദുംഗർപ്പുർ, ബിക്കാനീർ, ഉദയ്പ്പുർ ജില്ലകളിൽ ഓരോ സീറ്റിലുമാണ് സിപിഎം മത്സരിക്കുന്നത്
കഴിഞ്ഞ തവണ 28 സീറ്റിലായിരുന്നു രാജസ്ഥാനിൽ സിപിഎം മത്സരിച്ചത്. 2013 ൽ 38 ഇടത്തു മത്സരിച്ചെങ്കിലും ഒരിടത്തും വിജയിച്ചിരുന്നില്ല. നവംബർ 25 നാണ് തിരഞ്ഞെടുപ്പ്.
Discussion about this post