ന്യൂഡല്‍ഹി : മേരി മാഠി മേരാ ദേശ് കാമ്പെയിന് കീഴില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയായ അമൃത് കലശ യാത്ര ഡല്‍ഹിയിലെത്തി. ഭാരതത്തിന്റെ രക്തസാക്ഷികളായ ധീരയോദ്ധാക്കള്‍ക്ക് ആദരമര്‍പ്പിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു ക്യാമ്പെയിന്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കാരം ചെയ്തത്. പതിനായിരങ്ങളാണ് ഇതില്‍ പങ്കെടുക്കാനായി രാജ്യതലസ്ഥാനത്ത് എത്തിച്ചേര്‍ന്നത്. ഇതിനായി 45 സ്‌പെഷ്യല്‍ കലശ് യാത്രാ ട്രെയിനുകളും റെയില്‍വേ അനുവദിച്ചിരുന്നു.
ക്യാമ്പയിന്റെ ഭാഗമായി രാജ്യത്തെ വിവിധ വീടുകളില്‍ നിന്നും മണ്ണും അരിയും ശേഖരിച്ചാണ് അമൃത് കലശ യാത്ര ഭാരതത്തിലുടനീളം സംഘടിപ്പിക്കുന്നത്. ഗ്രാമങ്ങളിലെ വീടുകളില്‍ നിന്നും ശേഖരിക്കുന്ന ഈ അരിയും മണ്ണും ഡല്‍ഹിയിലെ ദേശീയ യുദ്ധസ്മാരകത്തിന് സമീപം അമൃത് വാടിക എന്ന പേരില്‍ നിര്‍മ്മിക്കുന്ന സ്മാരക ഉദ്യാനത്തില്‍ ഉപയോഗിക്കും. അമൃത് വാടികയ്ക്കായി രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നുമായി ഏഴായിരത്തി അഞ്ഞൂറ് കലശങ്ങളിലാണ് മണ്ണ് കൊണ്ടുവരുന്നത്. ഒപ്പം ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വൃക്ഷത്തൈകളും അമൃത് കലശ യാത്രയിലൂടെ ഇവിടെ എത്തിച്ചു.
6 ലക്ഷം ഗ്രാമങ്ങളില്‍ നിന്നാണ് വ്യത്യസ്ത തരത്തിലുള്ള പയര്‍ വര്‍ഗങ്ങളും, അരിയും, മണ്ണും സൈനികര്‍ ശേഖരിച്ചത്. അസാദി കാ അമൃത് മഹോത്സവത്തിന്റെ കീഴിലാണ് കലശ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. മേരാ ഭാരത് യുവ എന്ന സംഘടനയാവും ഭാവിയില്‍ ഭാരതത്തിന്റെ വികസന കാഴ്ചപ്പാടുകള്‍ക്ക് നേതൃത്വം നല്‍കുക. യുവാക്കളുടെ എല്ലാ ലക്ഷ്യങ്ങളും ഒരുമിച്ച് പൂര്‍ത്തീകരിക്കാന്‍ കഴിയും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ ക്യാമ്പയിന്‍. അതിലുപരി രക്തസാക്ഷികളായ ധീര സൈനികര്‍ക്ക് ഭാരതം നല്‍കുന്ന ആദരമാണ് അമൃത് കലശ് യാത്രയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
Discussion about this post