ജീവിതശൈലികൾ മാറിയ ഈ കാലത്ത് മനുഷ്യനെ പിടിമുറുക്കുന്ന ഒന്നായി മാറിയിരിക്കുന്നു രോഗങ്ങൾ. ഇന്ന് നിരവധി പേരെ അലട്ടുന്ന ഒന്നാണ് ഉയർന്ന രക്തസമ്മർദ്ദം അഥവാ ഹൈപ്പർ ടെൻഷൻ.
ഒഴുകുന്ന രക്തം രക്തധമനികളുടെ ഭിത്തിയിൽ ഉണ്ടാക്കുന്ന മർദമാണ് രക്തസമ്മർദം അഥവാ ബ്ലഡ് പ്രഷർ. ഹൃദയത്തിന്റെ അറ സങ്കോചിച്ച് രക്തത്തെ ധമനിയിലേക്ക് തള്ളിവിടുമ്പോഴുണ്ടാകുന്ന മർദത്തെ സിസ്റ്റോളിക് (Systolic) എന്നും ഹൃദയം വികസിച്ച്, രക്തം നിറയുമ്പോഴുണ്ടാകുന്ന മർദത്തെ ഡയസ്റ്റോളിക് (diastolic) എന്നും പറയുന്നു. ആരോഗ്യമുള്ള ഒരാളിൽ രക്തസമ്മർദം 120/80 മി.മീറ്റർ മെർക്കുറിയാണ് (120 സിസ്റ്റോളിക് രക്തസമ്മർദം; 80 ഡയസ്റ്റോളിക് രക്തസമ്മർദം). രക്തസമ്മർദം 140/90ന് മുകളിലായാൽ അതിനെ ഉയർന്ന രക്തസമ്മർദമായി കണക്കാക്കുന്നു.
ബിപി കുറയുന്ന അവസ്ഥ, ഉയരുന്നതുപോലെ അത്ര സാധാരണമല്ല. എഴുന്നേൽക്കുമ്പോൾ കണ്ണിൽ ഇരുട്ട് കയറുക, ബാലൻസ് കിട്ടാതെ വീഴാൻ പോകുക, ക്ഷീണം തുടങ്ങിയവയാണ് ബിപി കുറയുന്നതിന്റെ ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ കിടക്കുകയോ ഇരിക്കുകയോ ചെയ്യുക. കാലിന്റെ ഭാഗം ഉയർത്തി വയ്ക്കുന്നത് ബിപി കൂടാൻ സഹായിക്കും. ഉപ്പു ചേർത്ത വെള്ളവും കുടിക്കാം. അണുബാധ, സെപ്‌സിസ്, ഹൃദയസ്തംഭനം തുടങ്ങിയ അസുഖങ്ങളുടെ ഭാഗമായി ബിപി കുറയുന്നത് വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കുകയും പെട്ടെന്നുള്ള വൃക്കസ്തംഭനത്തിനു കാരണമാകുകയും ചെയ്യാം.
ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ രക്തസമ്മർദം പല അവയവങ്ങൾക്കും കേടുപാട് ഉണ്ടാക്കും. ഹൃദയാഘാതം, മസ്തിഷ്‌കാഘാതം, വൃക്കസ്തംഭനം, കണ്ണുകളുടെ കാഴ്ച കുറയൽ തുടങ്ങിയവ അത്തരം ചില പ്രശ്‌നങ്ങളാണ്.
വൃക്കകളെ ബാധിക്കുന്നത്
വൃക്കകളും രക്തചംക്രമണവ്യൂഹവും നല്ല ആരോഗ്യത്തിന് പരസ്പരം ആശ്രയിച്ചിരിക്കുന്നു.രക്തക്കുഴലുകൾ ഉപയോഗിച്ച് രക്തത്തിലെ മാലിന്യങ്ങളും അധിക ദ്രാവകങ്ങളും ഫിൽട്ടർ ചെയ്യാൻ സഹായിക്കുന്നത് വൃക്കകളാണ്. രക്തക്കുഴലുകൾക്ക് കേടുപാടുകൾ സംഭവിക്കുമ്പോൾ, രക്തം ഫിൽട്ടർ ചെയ്യുന്ന നെഫ്രോണുകൾക്ക് അവ നന്നായി പ്രവർത്തിക്കാൻ ആവശ്യമായ ഓക്‌സിജനും പോഷകങ്ങളും ലഭിക്കുന്നില്ല. അതുകൊണ്ടാണ് ഉയർന്ന രക്തസമ്മർദ്ദം വൃക്ക തകരാർ ഉണ്ടാക്കുനവയിൽ പ്രധാന കാരണങ്ങളിൽ ഒന്നായി കണക്കാക്കുന്നത്.
ഉയർന്ന രക്തസമ്മർദംകൊണ്ട് വൃക്കകളുടെ അകത്തും ചുറ്റും ഉള്ള രക്തധമനികൾക്ക് കേടുപാട് വരും. രക്തധമനികളിൽ ഹയലൈൻ (hyaline) എന്ന പദാർഥം അടിഞ്ഞുകൂടും. അതുകാരണം ധമനികളുടെ കട്ടി കൂടും. ഒരുപരിധി കഴിഞ്ഞാൽ രക്തയോട്ടം കുറയും. ഉയർന്ന രക്തസമ്മർദം രക്തധമനികളുടെ ഉൾപാളിക്കും (endothelium) കേടുവരുത്തും. രക്തധമനികളുടെ ഉള്ളിൽ പ്ലാക്ക് (plaques) ഉണ്ടാകും. ഇതും രക്തയോട്ടം കുറയാൻ കാരണമാകും. ധമനികൾ കല്ലിക്കുകയോ ചുരുങ്ങുകയോ ബലക്ഷയം വരികയോ ചെയ്യും.
അമിത രക്ത സമ്മർദ്ധത്താൽ ധമനികൾ തകരാറിലാകുമ്പോൾ, നെഫ്രോണുകൾക്ക് ആവശ്യമായ ഓക്‌സിജനും പോഷകങ്ങളും ലഭിക്കുന്നില്ല. അപ്പോൾ വൃക്കകൾക്ക് രക്തം ഫിൽട്ടർ ചെയ്യാനും ശരീരത്തിലെ ദ്രാവകം, ഹോർമോണുകൾ, ആസിഡുകൾ, ലവണങ്ങൾ എന്നിവ നിയന്ത്രിക്കാനുമുള്ള കഴിവ് നഷ്ടപ്പെടും.
Discussion about this post