തിരുവനന്തപുരം: സാധാരണക്കാരെ എരിതീയിൽ നിന്നും വറചട്ടിയിലേക്ക് തള്ളിയിട്ട് സംസ്ഥാന സർക്കാർ. വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചു. യൂണിറ്റിന് ശരാശരി 20 പൈസയാണ് വർദ്ധിപ്പിച്ചത്. പുതുക്കിയ നിരക്ക് ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നതായി സർക്കാർ അറിയിച്ചു.
40 യൂണിറ്റിൽ കൂടുതൽ ഉപയോഗിക്കുന്നവർക്കാണ് നിരക്ക് വർദ്ധന. ഇതോടെ 100 യൂണിറ്റ് ഉപയോഗിക്കുന്നവർക്ക് 20 ശതമാനം നിരക്ക് അധികം നൽകേണ്ടിവരും. അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ, ഐടി അനുബന്ധ സ്ഥാപനങ്ങൾ എന്നിവയ്ക്ക് നിരക്ക് വർദ്ധന ബാധകമല്ല.
വൈദ്യുതി നിരക്കിൽ 25 മുതൽ 40 ശതമാനം വരെ വർദ്ധനവ് വേണമെന്ന് ആയിരുന്നു കെഎസ്ഇബിയുടെ ആവശ്യം. എന്നാൽ 20 ശതമാനം വർദ്ധനവിന് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അംഗീകാരം നൽകുകയായിരുന്നു. കഴിഞ്ഞ വർഷം ജൂണിലാണ് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടിയത്.
നിലവിൽ അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തെ തുടർന്ന് ജനങ്ങൾ വലഞ്ഞിരിക്കുകയാണ്. ഇതിനിടെയാണ് വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കുന്നത്. നേരത്തെ തന്നെ നിരക്ക് വർദ്ധനയുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിൽ ശക്തമായ അമർഷം ആയിരുന്നു ജനങ്ങളിൽ നിന്നും ഉയർന്നുവന്നത്. എന്നാൽ ഇത് അവഗണിച്ചാണ് സർക്കാർ നീക്കം.
Discussion about this post