മുംബൈ: ക്രിക്കറ്റ് എന്ന ഗെയിമിനെ അതിന്റെ എല്ലാ തലങ്ങളിലും ആസ്വദിക്കുന്ന അസാമാന്യ പ്രതിഭയാണ് വിരാട് കോഹ്ലി. കളിക്കളത്തിൽ എതിരാളികളെ പ്രതിഭ കൊണ്ടും പ്രകടനം കൊണ്ടും നിഷ്പ്രഭരാക്കുന്ന കോഹ്ലി, കളത്തിന് പുറത്ത് അവരുമായി മാന്യമായ സൗഹൃദം കാത്ത് സൂക്ഷിക്കുന്നു. മൈതാനത്ത് കാണികളുമായി അദ്ദേഹം നടത്തുന്ന ആശയ വിനിമയങ്ങളും പലപ്പോഴും സാമൂഹിക മാദ്ധ്യമങ്ങളിൽ ട്രെൻഡിംഗ് ആകാറുണ്ട്.
അത്തരം ഒരു സംഭവത്തിനാണ് കഴിഞ്ഞ ദിവസം ശ്രീലങ്കയ്ക്കെതിരായ മത്സരത്തിനിടെ മുംബൈ വാംഖഡെ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. മത്സരത്തിനിടെ സ്റ്റേഡിയത്തിൽ കേൾപ്പിച്ച ഗാനത്തിനൊപ്പം ചുവട് വെച്ച കോഹ്ലിയെ ആരാധകർ കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ചു. ഇന്ത്യൻ ബൗളിംഗിന് മുന്നിൽ പിടിച്ചു നിൽക്കാനാവാതെ ശ്രീലങ്കൻ ബാറ്റ്സ്മാന്മാർ ഒന്നൊന്നായി കൂടാരം കയറിയപ്പോൾ, കോഹ്ലി ബൗൾ ചെയ്യണം എന്ന ആവശ്യവും കാണികൾക്കിടയിൽ നിന്നും ഉയർന്നു.
എന്നാൽ, ഇവയെക്കാളേറെ സാമൂഹിക മാദ്ധ്യമങ്ങളിൽ തരംഗമാകുന്നത് മറ്റൊരു വീഡിയോ ആണ്. ഒന്നാം സ്ലിപ്പിൽ കോഹ്ലിയും രണ്ടാം സ്ലിപ്പിൽ ശുഭ്മാൻ ഗില്ലും ഫീൽഡ് ചെയ്യവെ, കാണികൾ ഗില്ലിനെ നോക്കി ‘സാറ, സാറ‘ എന്ന് ആർത്തു വിളിച്ചു. അപ്പോൾ കാണികളോട് ശാന്തരാകാൻ ആംഗ്യം കാട്ടിയ കോഹ്ലി, ഗില്ലിനെ ചൂണ്ടിക്കാട്ടി “ഇദ്ദേഹത്തിന്റെ പേര് വിളിക്കൂ“ എന്ന് ആവശ്യപ്പെട്ടു. ഇതിന് മറുപടിയായി കാണികൾ ഉച്ചത്തിൽ ‘ശുഭ്മാൻ ശുഭ്മാൻ‘ എന്ന് ആർത്തു വിളിച്ചു. ഇത് ഇഷ്ടപ്പെട്ട കോഹ്ലി, താളത്തിൽ കൈയ്യടിച്ച് കാണികളെ കൈയ്യിലെടുത്തു. ഈ വീഡിയോ ആരാധകർ സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവെച്ചു. വലിയ പ്രതികരണങ്ങളാണ് വീഡിയോക്ക് ലഭിക്കുന്നത്.
https://twitter.com/91atgabba_/status/1720116919267893439?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1720116919267893439%7Ctwgr%5E0be88a8c002d4dcc171a9e103ed94c86c4c743b3%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.hindustantimes.com%2Fcricket%2Fvirat-kohli-stops-wankhede-crowd-from-chanting-sara-sara-points-at-shubman-gill-what-follows-is-box-office-101698980567083.html
സച്ചിൻ ടെണ്ടുൽക്കറിനും വിരാട് കോഹ്ലിക്കും ശേഷം ലോക ക്രിക്കറ്റിന് ഇന്ത്യ സംഭാവന ചെയ്ത അതുല്യ പ്രതിഭ എന്ന വിശേഷണത്തിന് അർഹനായ യുവതാരമാണ് ശുഭ്മാൻ ഗിൽ. ഗില്ലും സച്ചിന്റെ മകൾ സാറയും തമ്മിൽ പ്രണയത്തിലാണ് എന്ന തരത്തിൽ ഗോസിപ്പുകൾ സജീവമാണ്. ഇത് മുതലെടുത്തായിരുന്നു ഗില്ലിനെ നോക്കി കാണികൾ ‘സാറ, സാറ‘ എന്ന് ആർത്തു വിളിച്ചത്.
Discussion about this post