തിരുവനന്തപുരം: കേരളീയത്തിനായി ചിലവാക്കുന്ന പൈസ ക്യാപ്പിറ്റൽ ഇൻവെസ്റ്റ്‌മെന്റ് ആണെന്ന് സിപിഎം നേതാവ് എകെ ബാലൻ. കേരളീയത്തിനായി 27 കോടി രൂപ ചിലവഴിക്കുന്നത് ധൂർത്താണെന്ന വിമർശനങ്ങളോടാണ് മുൻ മന്ത്രി കൂടിയായ എകെ ബാലന്റെ പ്രതികരണം.
കേരളത്തിൽ കലോത്സവം നടത്തുന്നുണ്ട് ധൂർത്താണോ? സ്‌പോർട്‌സ് നടത്തുന്നുണ്ട് ധൂർത്താണോ? ഇതൊന്നും ധൂർത്തല്ല. യഥാർത്ഥത്തിൽ ചിലവഴിക്കുന്ന 27 കോടി രൂപ ഒരു ചിലവല്ല. മൂലധന നിക്ഷേപമാണ്. ഇപ്പോൾ തന്നെ തിരിച്ചു കിട്ടിത്തുടങ്ങി. ഇരട്ടിക്കിരട്ടി റിട്ടേൺ കിട്ടുമെന്നും എകെ ബാലൻ കൂട്ടിച്ചേർത്തു.
അടുത്ത വർഷമാകുമ്പോൾ തൃശൂർ പൂരം കാണാൻ വരുന്നതുപോലെ ആളുകൾ കേരളീയം കാണാൻ വരും. ഇതോടനുബന്ധിച്ചുളള പുസ്തകമേളയിൽ ലക്ഷക്കണക്കിന് രൂപയുടെ പുസ്തകങ്ങൾ വിറ്റഴിക്കും. അതിന്റെ ഗുണം നമ്മുടെ എഴുത്തുകാർക്കാണ്. അവർക്ക് റോയൽറ്റി കിട്ടുമെന്നും എകെ ബാലൻ വിശദീകരിച്ചു.
സ്‌കൂളുകളിൽ ഉച്ചക്കഞ്ഞി നൽകാനോ ലൈഫ് മിഷൻ പദ്ധതിക്കോ പോലും പണമില്ലെന്ന് പറഞ്ഞ് പലയിടത്തും മുടങ്ങിക്കിടക്കുകയാണ്. അതിനിടയിലാണ് കേരളീയത്തിനായി സംസ്ഥാന സർക്കാർ ഇത്രയധികം കോടി രൂപ ചിലവഴിക്കുന്നത്. നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിൽ ആരംഭിച്ച കേരളീയം ഏഴ് വരെയാണ് തിരുവനന്തപുരത്ത് നടക്കുന്നത്.
Discussion about this post