ന്യൂയോർക്ക്: മൊബൈൽ ഫോണിന്റെ അമിത ഉപയോഗം നിരവധി ആരോഗ്യപ്രശ്‌നങ്ങൾ കാരണം ആകുന്നു എന്നത് നമുക്ക് എല്ലാവർക്കും അറിയാം. തലച്ചോറ്, കണ്ണ് എന്നിവയുടെ ആരോഗ്യത്തെയാണ് ഇത് പ്രധാനമായും ബാധിക്കുന്നത്. എന്നാൽ ഇത് മാത്രമല്ല മൊബൈൽ ഫോൺ ഉപയോഗം പുരുഷന്മാരിൽ ബീജങ്ങളുടെ ആരോഗ്യത്തെയും ബാധിക്കുന്നു എന്നാണ് പുതിയ കണ്ടെത്തൽ.
18 നും 22 നും ഇടയിൽ പ്രായമുള്ള പുരുഷന്മാരിലായിരുന്നു പഠനം നടത്തിയത്. ഇവരിൽ ഒരു വിഭാഗത്തോട് ദിവസം 20 ലധികം തവണ സ്മാർട് ഫോൺ ഉപയോഗിക്കാൻ നിർദ്ദേശിച്ചിരുന്നു. മറ്റൊരു വിഭാഗത്തിന് ഇതിൽ നിയന്ത്രണവും ഏർപ്പെടുത്തി. ശേഷം ഇരു കൂട്ടരുടെ ശുക്ലം ശേഖരിച്ച് പരിശോധന നടത്തി. ഇതിൽ ഫോൺ ഉപയോക്താക്കളുടെ ശുക്ലം പരിശോധിച്ചപ്പോൾ ബീജങ്ങളുടെ എണ്ണത്തിൽ 21 ശതമാനം കുറവാണ് കാണാൻ കഴിഞ്ഞത്. എന്നാൽ മറ്റേ വിഭാഗത്തിന്റേത് ആകട്ടെ ആവശ്യമായ കൗണ്ട് ഉണ്ടായിരുന്നു. മാത്രവുമല്ല മികച്ച ആരോഗ്യവും ഉണ്ടായിരുന്നു. എന്നാൽ മൊബൈൽഫോൺ ഉപയോക്താക്കളുടെ ബീജത്തിന് താരതമ്യേന ആരോഗ്യം കുറവായിരുന്നു.
മൊബൈൽഫോൺ ഉപയോഗിക്കുമ്പോൾ പ്രസരിക്കുന്ന റേഡിയോ ഫ്രീക്വൻസി ഇലക്ട്രോമാഗ്നറ്റിക് തരംഗങ്ങളാണ് ബീജങ്ങളെ ബാധിക്കുന്നത് എന്നാണ് ഗവേഷകർ പറയുന്നത്. മൃഗങ്ങളിൽ നടത്തിയ ഗവേഷണത്തിലും ഇക്കാര്യം വ്യക്തമായിട്ടുണ്ട്. അമിതമായ മൊബൈൽ ഫോൺ ഉപയോഗം ചില പുരുഷന്മാരിൽ വന്ധ്യതയ്ക്കും കാരണം ആകുന്നുണ്ട്.
തടി, മാനസിക സംഘർഷം എന്നിവ ബീജങ്ങളെ ബാധിക്കുന്ന പ്രധാന ഘടകങ്ങൾ ആണ്. ഇവയ്‌ക്കൊപ്പം മൊബൈൽ ഫോണിന്റെ അമിത ഉപയോഗം കൂടിയാകുമ്പോൾ പ്രശ്‌നം കൂടുതൽ വഷളാവുന്നു. അതിനാൽ കുഞ്ഞുങ്ങൾ ഉണ്ടാകാൻ ആഗ്രഹിക്കുന്നവർ ഫോൺ ഉപയോഗം കുറയ്ക്കണം എന്നും പഠനം നിർദ്ദേശം ഉണ്ട്. കൂടുതൽ സമയം ഹെഡ്‌ഫോൺ, സ്പീക്കർ എന്നിവ ഉപയോഗിക്കുന്നത് ഒഴിവാക്കാനും നിർദ്ദേശമുണ്ട്.
അതേസമയം 2 ജി, 3 ജി മൊബൈൽ ഫോൺ ഉപയോക്താക്കളിലാണ് ഇത്തരം തരംഗങ്ങൾ വലിയ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണം ആകുന്നത്. ഇവരെ അപേക്ഷിച്ച് 4ജി, 5 ജി മൊബൈൽ ഫോൺ ഉപയോക്താക്കൾക്ക് ആരോഗ്യപ്രശ്‌നങ്ങളിൽ കുറവുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.
Discussion about this post