കൊച്ചി : മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമായതിനാല്‍ തന്നെ ഏറെ പ്രതീക്ഷയോടെ സിനിമാലോകം കാത്തിരിക്കുന്ന ചിത്രമാണ് ‘ബറോസ്’. 2019ല്‍ ആയിരുന്നു ‘ബറോസ്: ഗാഡിയന്‍ ഓഫ് ഡി ഗാമാസ് ട്രെഷര്‍’ സിനിമ പ്രഖ്യാപിച്ചത്. എന്നാല്‍ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നും ചില ഫോട്ടോകള്‍ പ്രചരിച്ചതല്ലാതെ സിനിമയെ കുറിച്ച് മറ്റ് വിവരങ്ങളൊന്നും ഇതുവരെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നില്ല. എന്നാല്‍ ബറോസിന്റെ പുതിയ വിശേഷങ്ങള്‍ ഉടന്‍ അറിയാമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകന്‍ തന്നെ.
നാളെ വൈകിട്ട് 5 മണിക്ക് ചിത്രത്തിന്റെ ഒരു പ്രധാനപ്പെട്ട അപ്ഡേറ്റ് എത്തുമെന്നാണ് മോഹന്‍ലാല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് പിന്നാലെ വന്ന പ്രഖ്യാപനത്തോടെ സോഷ്യല്‍ മീഡിയ ഇത് വലിയ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്.
ചിത്രത്തിന്റെ ട്രെയ്ലറോ, ടീസറോ, റിലീസ് തീയതിയോ തുടങ്ങി പ്രധാനപ്പെട്ട എന്ത് വിവരമാണ് നാളെ പുറത്തുവിടുക എന്നാണ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. അതേസമയം, ബറോസും ‘മലൈകോട്ടൈ വാലിബന്‍’ ചിത്രവും തിയേറ്ററില്‍ ക്ലാഷ് റിലീസ് ആയി എത്തുമെന്ന വാര്‍ത്തകളും നേരത്തെ എത്തിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയുള്ളതാണ് സിനിമ. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളില്‍ പലതും വിദേശത്താണ് നടക്കുന്നതെന്ന് മോഹന്‍ലാല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
ബറോസ് എന്ന കേന്ദ്ര കഥാപാത്രമായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ വേഷമിടുന്നത്. ഹോളിവുഡ് സംഗീത സംവിധായകന്‍ മാര്‍ക്ക് കിലിയന്‍ ആണ് ബറോസിന് പാശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.
Discussion about this post