ന്യൂഡൽഹി; നേപ്പാളിൽ റിക്ടർ സ്‌കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. വെളളിയാഴ്ച രാത്രിയാണ് പ്രകമ്പനം അനുഭവപ്പെട്ടത്. ഇതിനൊപ്പം ഡൽഹിയിലും ഹരിയാനയിലും ഉൾപ്പെടെ പ്രകമ്പനം ഉണ്ടായി.
ഒരു മിനിറ്റിലധികം ഡൽഹിയിലും മറ്റ് പല മേഖലകളിലും പ്രകമ്പനം നീണ്ടു നിന്നതായി ആളുകൾ പറഞ്ഞു. ബഹുനില കെട്ടിടങ്ങളിൽ താമസിക്കുന്ന പലരും പരിഭ്രാന്തരായി പുറത്തേക്കോടി. പ്രകമ്പനത്തിന്റെ ആഘാതത്തിൽ ഫാനുകളും ലൈറ്റുകളും ഒക്കെ ആടിയുലയുന്നതിന്റെ വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
10 കിലോമീറ്റർ ആഴത്തിലുളള പ്രകമ്പനമാണ് ഉണ്ടായതെന്നും പ്രഭവകേന്ദ്രം നേപ്പാൾ ആണെന്നും നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു. ഒരു മാസത്തിനുളളിൽ ഇത് മൂന്നാം തവണയാണ് ശക്തമായ ഭൂചലനം നേപ്പാളിനെ പിടിച്ചുകുലുക്കുന്നത്. ഒക്ടോബർ 22 ന് റിക്ടർ സ്‌കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
തലസ്ഥാനമായ കാഠ്മണ്ഡുവിന് സമീപമുളള മലയോര ജില്ലയായ ധാദിംഗിൽ അന്ന് ഏതാനും വീടുകൾക്ക് നാശം നേരിടുകയും മണ്ണിടിച്ചിലിന് ഉൾപ്പെടെ കാരണമാകുകയും ചെയ്തിരുന്നു. ഒക്ടോബർ മൂന്നിനും റിക്ടർ സ്‌കെയിലിൽ 6.2 ഉം 4.6 ഉം തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങൾ അനുഭവപ്പെട്ടിരുന്നു.
Discussion about this post