തിരുവനന്തപുരം: സംസ്ഥാന സർക്കാർ കൊട്ടിഘോഷിച്ച് നടത്തുന്ന കേരളീയം പരിപാടിയിൽ ആദിവാസികളെ പ്രദർശന വസ്തുവാക്കി എന്ന് ആരോപണം. കേരളീയത്തിന്റെ ഭാഗമായി ഫോക്ലോർ അക്കാഡമി തയ്യാറാക്കിയ ‘ആദിമം‘ എന്ന മ്യൂസിയത്തിനെതിരെയാണ് വിമർശനം ഉയരുന്നത്.
ഫോക്ലോർ അക്കാഡമിയുടെ കനകക്കുന്നിലെ മ്യൂസിയത്തിൽ ഊരാളി, മാവിലർ, കാണി, മന്നാൻ, പളിയർ തുടങ്ങിയ അഞ്ച് ആദിവാസി വിഭാഗങ്ങളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവരുടെ ജീവിത രീതിയും താമസ സ്ഥലങ്ങളുമൊക്കെ പുനരാവിഷ്കരിച്ചിട്ടുണ്ട്. പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞ് കുടിലുകൾക്ക് മുൻപിൽ ഇരിക്കുന്ന ഇവർ ആളുകൾ കൂടുമ്പോൾ പരമ്പരാഗത കലാപരിപാടികളും അവതരിപ്പിക്കുന്നുണ്ട്.
മറ്റ് വിഭാഗങ്ങളെ ജാതീയമായോ വംശീയമായോ പ്രദർശിപ്പിക്കാത്ത കേരളീയം പരിപാടിയിൽ ആദിവാസി വിഭാഗങ്ങളെ മാത്രം ഇങ്ങനെ വംശീയമായി പ്രദർശന വസ്തുക്കൾ ആക്കുന്നതിലെ മനുഷ്യത്വരാഹിത്യമാണ് വിമർശന വിധേയമാകുന്നത്. സംഭവത്തിനെതിരെ ആദിവാസി ഗോത്ര മഹാസഭാ നേതാവ് ഗീതാനന്ദൻ ഉൾപ്പെടെയുള്ളവർ രൂക്ഷ വിമർശനമാണ് ഉന്നയിക്കുന്നത്.
എന്നാൽ, പ്രതിഫലം നൽകിയാണ് ഇവരെ കേരളീയത്തിൻ്റെ ഭാഗമാക്കിയത് എന്നാണ് ഫോക്ലോർ അക്കാഡമിയുടെ വിശദീകരണം. സംഭവം സാമൂഹിക മാദ്ധ്യമങ്ങളിൽ അടക്കം വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
Discussion about this post