നമ്മളെല്ലാവരും രാവിലെ കുളിച്ച് ഫ്രഷ് ആയിട്ടായിരിക്കും പുറത്തേക്ക് ഇറങ്ങുന്നത്. എന്നാൽ പുറത്തെ ചൂടും പൊടിയും അന്തരീക്ഷ മലിനീകരണവും എല്ലാം കൊണ്ട് വാടിത്തളരാൻ അധിക സമയം വേണ്ട. എന്നാൽ കുളിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നീണ്ടുനിൽക്കുന്ന സൗന്ദര്യവും ഉന്മേഷവും ഏതൊരാൾക്കും ലഭിക്കുന്നതാണ്. അതിനായി കുളിയിൽ ശ്രദ്ധിക്കേണ്ട ചില ടിപ്സ് ഇതാ.
കുളിക്കുന്ന വെള്ളത്തിൽ അര മുറി നാരങ്ങയുടെ നീര് ചേർത്ത് കുളിച്ചാൽ ദിവസം മുഴുവൻ നവോന്മേഷം നിലനിർത്താം എന്നാണ് പറയപ്പെടുന്നത്. അതുപോലെതന്നെ കുളിക്കാനുള്ള വെള്ളത്തിൽ ഒരുപിടി തുളസിയിലയോ ആര്യവേപ്പിലയോ ഇട്ട് അൽപ്പനേരം വെച്ചതിനുശേഷം കുളിക്കുക. ഇങ്ങനെ ചെയ്യുന്നത് വഴി ആര്യവേപ്പിലയുടെയും തുളസിയുടെയും ഔഷധഗുണങ്ങൾ ശരീരത്തിന് ആരോഗ്യം നൽകുകയും ചർമ്മത്തിന് ഗുണവും ചെയ്യുന്നതാണ്.
കുളിയിൽ നമ്മൾ വരുത്തുന്ന പ്രധാന തെറ്റാണ് ധാരാളം സോപ്പ് തേച്ച് പതിപ്പിച്ചുള്ള കുളി. സോപ്പിന്റെ അമിത ഉപയോഗം ചർമം കൂടുതൽ വരണ്ടതാകാനാണ് ഇടവരുത്തുക. ചർമ്മത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും സോപ്പിന് പകരം ഷവർജെല്ലിൽ അല്പം തേൻ ചേർത്ത് ഉപയോഗിച്ചാൽ മതിയെന്നാണ് ചർമ്മരോഗ വിദഗ്ധർ പറയുന്നത്.
ഇനി കുളിക്കുന്നതിനു മുമ്പായി ചെയ്യേണ്ട ചില കാര്യങ്ങളുമുണ്ട്. കുളിക്കുന്നതിനു മുമ്പ് ഏതെങ്കിലും സ്നാന ചൂർണ്ണം ശരീരത്തിൽ തേച്ചുപിടിപ്പിക്കുന്നത് ചർമ്മത്തിനെ മൃദുവാക്കി നിലനിർത്താൻ സഹായിക്കുന്നു. ഇതിനായി ഒരു കപ്പ് വെളിച്ചെണ്ണയിൽ നാല് കട്ട പച്ച കർപ്പൂരം പൊടിച്ചെടുക്കുക. കുളിക്കുന്നതിനു മുൻപ് ഇത് ശരീരത്തിൽ തേച്ചാൽ ചർമ്മം മൃദുവാകും. അതുപോലെ കുക്കുമ്പർ, കടലമാവ്, തേൻ എന്നിവ ചേർത്ത് അരച്ച് കുളിക്കുന്നതിനു കുറച്ച് സമയം മുൻപ് ശരീരത്തിൽ തേച്ചുപിടിപ്പിക്കുക. ഇങ്ങനെ ചെയ്യുന്നത് വഴി ചർമം വരളുന്നത് ഒഴിവാക്കാൻ കഴിയുന്നതാണ്.
Discussion about this post