തൃശൂർ: കേരളീയത്തിൽ ആദിവാസികളെ പ്രദർശനവസ്തുവാക്കിയെന്ന വിവാദത്തിൽ പ്രതികരണവുമായി മന്ത്രി കെ രാധാകൃഷ്ണൻ. തദ്ദേശവാസികളെ ഷോക്കേസിൽ പ്രദർശിപ്പിക്കേണ്ട വസ്തുവായി ഒരിക്കലും കാണരുതെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. അങ്ങനെ ചെയ്യുന്നത് ശരിയല്ല. അത്തരത്തിൽ ആദിവാസികളെ കാണുന്നത് തെറ്റായ സന്ദേശം നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കനകക്കുന്നിലെ ആദിവാസി പ്രദർശനം വലിയ രീതിയിൽ വിമർശനത്തിന് വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികരണവുമായി മന്ത്രി രംഗത്തെത്തിയത്.
ആദിവാസികളെ ഷോക്കേസിൽ വെക്കാൻ പാടില്ലെന്ന വ്യക്തിപരമായ അഭിപ്രായം നിർദേശമായി നേരത്തെ നൽകിയിരുന്നു. ആദിവാസി വിഭാഗങ്ങൾ ഷോക്കേസിൽ വെക്കേണ്ട ജനതയാണെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല. അങ്ങനെ ചെയ്യുന്നത് ശരിയല്ല. അവരുടെ കലയേയും സംസ്‌കാരത്തേയും ജീവിത- ഭക്ഷണരീതികളേയും കാണിച്ചുകൊടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഷോക്കേസിൽ വെക്കേണ്ട ജീവിതമാണ് തദ്ദേശവാസികളുടേത് എന്ന് ഞാൻ വിശ്വസിക്കുന്നില്ല. അങ്ങനെ കാണുന്നത് തെറ്റായ സന്ദേശം നൽകും. ഇവിടെ എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ച് നടപടിയെടുക്കും എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
പഴയ കാര്യങ്ങളുടെ പ്രദർശനമാണ് ഫോക് ലോർ അക്കാദമി ഒരുക്കിയിരുന്നത്. താനത് കണ്ടിരുന്നില്ല. നിരുപദ്രവകരമായിട്ടാണ് ചെയ്തത്. ആരെയും അപമാനിക്കാനായാണ് അക്കാദമി അത്തരത്തിലൊരു പ്രദർശനം ഒരുക്കിയതെന്ന് കരുതുന്നില്ല. വിവിധ ഡിപ്പാർട്ടുമെന്റിന്റെ പ്രദർശനം ഉണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു. പ്രധാനപ്പെട്ട ഒന്നായിരുന്നു ഭക്ഷണ പ്രദർശനം. നല്ല പങ്കാളിത്തമുണ്ടായിരുന്നു. കേരളീയത്തിൽ ആദിവാസി മരുന്നും, വനവിഭവങ്ങളും വിറ്റഴിക്കാൻ കഴിഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post