തിരുവനന്തപുരം: എത്ര പറഞ്ഞാലും തീരാത്തതാണ് ചക്ക വിശേഷം. പോഷകഗുണങ്ങളാൽ സമ്പന്നമായ ഈ ഭീമൻ പഴം കായ്ച്ചാൽ പിന്നെ കേരളത്തിലെ വീടുകളിൽ ആഘോഷമാണ്. ഉപ്പേരിയായും തോരനായും മെഴുക്കുപുരട്ടിയായും പുഴുക്കായും കറിയായും എല്ലാം ചക്ക രൂപമാറ്റം നേടുന്നു. വെറുതെ ചുളകളായി പഴുപ്പിച്ചും പച്ചക്കും വരെ ചക്ക അകത്താക്കുന്നു.
എന്നാൽ കാലാവസ്ഥാ വ്യതിയാനം ചക്ക ഉത്പാദനത്തെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. പണ്ട് ഇഷ്ടം പോലെ ചക്കയുണ്ടായിരുന്നുവെങ്കിൽ ഇന്ന് സൂപ്പർ വളമിട്ടാലും ചക്ക കായ്ക്കാതെ വരുന്നു. ലഭ്യത കുറഞ്ഞതോടെ തീവിലയാണ് ചക്കയ്ക്ക്. കിലോയ്ക്ക് 50-60 രൂപ വരെ നിരക്കിൽ വിൽപ്പനയുള്ള ചക്ക ഒന്ന് 600 ന് മുകളിലാണ് വിൽക്കുന്നത്. ഭാരം കൂടുന്നതിന് അനുസരിച്ച് വിലയും കുത്തനെ ഉയരുന്നു.
സാധാരണ വരിക്ക ചക്ക തേടിയാണ് ആളുകൾ എത്തുന്നതെങ്കിൽ ഇന്ന് ചക്ക ഏതായാലും പൊന്നും വില നൽകി വാങ്ങാൻ ആളുണ്ട്. മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കാൻ ചക്ക തേടി പ്രമുഖ കമ്പനികളും പ്രോസസിംഗ് യൂണിറ്റുകളും നെട്ടോട്ടത്തിലാണ്.
തുലാവർഷം അവസാനിക്കുന്ന സമയമാണ് പ്ലാവിൽ ചക്ക കായ്ക്കുന്നത്. തുലാം അവസാനിക്കാൻ പോകുമ്പോഴും മഴ തുടരുന്ന അവസ്ഥയായതോടെ പ്ലാവിലെ പൂക്കൾ കൊഴിയുന്നുണ്ട്. ഇതോടെ ഈ വർഷവും കഴിഞ്ഞവർഷത്തേതിനു സമാനമായി ചക്ക വിരിയാൻ ഇനിയും വൈകും. ഇതോടെ വില ഉയരുമെന്നാണ് കച്ചവടക്കാർ പറയുന്നത്.
Discussion about this post