മലപ്പുറം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സിപിഎം നേതാവിനെതിരെ നടപടി. ജില്ലാ കമ്മിറ്റി അംഗം വേലായുധൻ വള്ളിക്കുന്നതിനെ സിപിഎം സസ്‌പെൻഡ് ചെയ്തു. സംഭവത്തിൽ പോലീസ് കേസ് എടുത്തതിന് പിന്നാലെ വേലായുധനെതിരെ ശക്തമായ പ്രതിഷേധവും വിമർശനവും ഉയർന്നിരുന്നു. ഇതേ തുടർന്നായിരുന്നു നടപടി സ്വീകരിച്ചത്.
വിഷയം ചർച്ച ചെയ്യാൻ മലപ്പുറം ജില്ലാ കമ്മറ്റി ഇന്നലെ യോഗം ചേർന്നിരുന്നു. ഇതിലാണ് സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. ഇതുവഴി മുഖം രക്ഷിക്കാമെന്നാണ് സിപിഎം വിലയിരുത്തൽ. സംഭവം പുറത്തുവന്നതിന് പിന്നാലെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് ആയിരുന്നു സിപിഎം ജില്ലാ കമ്മിറ്റിയുടെ പ്രതികരണം.
കോഴിക്കോട് നല്ലളം പൊലീസ് സ്റ്റേഷൻ പരിധിയിൽ ആയിരുന്നു സംഭവം. ബസ് യാത്രയ്ക്കിടെയാണ് ഇയാൾ ആൺകുട്ടിയോട് മോശമായി പെരുമാറിയത്. അടുത്തിടെയായിരുന്നു കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ പരാതി പോലീസ് സ്‌റ്റേഷനിലുമെത്തി. തുടർന്ന് പോലീസ് കേസ് എടുക്കുകയായിരുന്നു.
അതേസമയം സിപിഎം നേതാവിനെ രക്ഷിക്കാനാണ് പോലീസിന്റെ ശ്രമമെന്നാണ് ആക്ഷേപം. ഗുരുതര കുറ്റകൃത്യത്തിൽ ഏർപ്പെട്ട ഇയാൾക്കെതിരെ ദുർബല വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നത്. പോക്‌സോ നിയമത്തിലെ ഏഴ്, എട്ട് വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. ഇത് എളുപ്പം ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ആണ്. പോലീസിൽ സമ്മർദ്ദം ചെലുത്തി വേലായുധനെ രക്ഷിക്കാനുള്ള നീക്കമാണ് പോലീസ് നടത്തുന്നത് എന്നാണ് ആക്ഷേപം.
Discussion about this post