തിരുവനന്തപുരം: അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീന ഫലമായി ഇന്നും സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കും. ഇതേ തുടർന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്. അടുത്ത അഞ്ച് ദിവസങ്ങളിലും സംസ്ഥാനത്ത് മഴ തുടർന്നേക്കാം.
എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. തീവ്ര മഴയാണ് ഇരു ജില്ലകളിലും പ്രവചിച്ചിരിക്കുന്നത്. യെല്ലോ അലർട്ടില്ലെങ്കിലും മറ്റ് ജില്ലകളിലും മഴ ലഭിക്കും. മഴയ്ക്ക് പുറമേ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. ഉച്ചതിരിഞ്ഞാകും മഴയ്‌ക്കൊപ്പം ഇവ രണ്ടും അനുഭവപ്പെടുക. അതിനാൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മധ്യ കിഴക്കൻ അറബിക്കടലിനു മുകളിലാണ് ന്യൂനമർദ്ദം രൂപപ്പെട്ടത് . അടുത്ത 24 മണിക്കൂറിനുള്ളിൽ ഈ ന്യൂനമർദ്ദം ദുർബലമായി ചക്രവാതച്ചുഴിയായി മാറും. നിലവിൽ
കോമാറിൻ മേഖലക്ക് മുകളിൽ ചക്രവാത ചുഴി നിലനിലയ്ക്കുന്നുണ്ട്. ഇതിന്റെ സ്വാധീനവും കേരളത്തിൽ മഴയ്ക്ക് കാരണമാകുന്നുണ്ട്.
ന്യൂനമർദ്ദത്തിന്റെ സാഹചര്യത്തിൽ തീരമേഖലകളിൽ കടൽക്ഷോഭത്തിനും ഉയർന്ന തിരമാലയ്ക്കും സാദ്ധ്യതയുണ്ട്. അതിനാൽ തീരമേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അധികൃതർ ആവശ്യപ്പെട്ടാൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കാനാണ് നിർദ്ദേശം. അതേസമയം തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല.
Discussion about this post