വാഷിംഗ്ടൺ: യുഎസിലെ വീട്ടിൽ ദീപാവലി ആഘോഷം ഒരുക്കി വൈസ് പ്രസിഡന്റ് കമല ഹാരിസ്. പൂക്കളും നിലവിളക്കുമൊക്കെയായി ഭാരതത്തിന്റെ തനിമ വിളിച്ചോതുന്ന തരത്തിലുളള ആഘോഷമായിരുന്നു ഒരുക്കിയത്. സെനറ്റർമാർ ഉൾപ്പെടെയുളളവർ ആഘോഷ വിരുന്നിൽ പങ്കെടുത്തു. വീടും പരിസരവും വൈദ്യുത ദീപങ്ങൾ കൊണ്ട് അലങ്കരിക്കുകയും ചെയ്തിരുന്നു.
ലോകത്ത് ഒരുപാട് കാര്യങ്ങൾ സംഭവിക്കുന്നതിനിടെയാണ് നമ്മൾ ദീപാവലി ആഘോഷിക്കുന്നതെന്ന് കമല ഹാരിസ് ചടങ്ങിൽ പറഞ്ഞു. നമ്മൾ മനസിലാക്കുന്നതുപോലെ വെളിച്ചത്തെ ആഘോഷിക്കുന്ന ദീപാവലി ആഘോഷിക്കുമ്പോൾ അത് മനസിലാക്കലിന്റെ കൂടി അവസരമാണ്. ഗാസയിൽ നിന്നും ഇസ്രായേലിൽ നിന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ വിനാശകരവും ഹൃദയഭേദകവുമാണ്. നമ്മൾ അഭിമുഖീകരിക്കുന്ന ഇരുണ്ട നിമിഷങ്ങളിൽ അത് ഏറ്റവും പ്രയാസകരമാണെന്നും കമല ഹാരിസ് പറഞ്ഞു.
സ്വയം പ്രതിരോധത്തിനുളള ഇസ്രായേലിന്റെ അവകാശത്തെ പിന്തുണയ്ക്കാനാണ് താനും യുഎസ് പ്രസിഡന്റ് ജോ ബൈഡനും ശ്രമിക്കുന്നതെന്ന് കമല ഹാരിസ് കൂട്ടിച്ചേർത്തു. ദീപാവലി പോലുളള ഉത്സവം ആഘോഷിക്കുമ്പോൾ ഇത് അങ്ങേയറ്റം പ്രധാനമായ കാര്യമാണ്. കാരണം ദീപാവലി പ്രകാശം പരത്തുകയും സത്യം സംസാരിക്കുകയും ചെയ്യുന്നതിന്റെ ചരിത്രം കൂടിയാണെന്നും കമല ഹാരിസ് പറഞ്ഞു.
ഇന്ത്യൻ അമേരിക്കൻ സംരംഭകൻ അജയ് ജയിൻ ഭൂട്ടോറിയയും ന്യൂയോർക്ക് സ്‌റ്റേറ്റ് സെനറ്റർ കെവിൻ തോമസും പരിപാടിയിൽ പങ്കെടുത്തിരുന്നു. കമല ഹാരിസ് നടത്തിയ ദിപാവലി ആഘോഷത്തിൽ പങ്കെടുക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് കെവിൻ തോമസ് പിന്നീട് പറഞ്ഞു. ഈ ദീപാവലി ഇരുട്ടിൽ നിന്ന് നിങ്ങളെ മുക്തരാക്കട്ടെന്നും പ്രകാശം സമ്പുഷ്ടമാക്കട്ടെന്നും കെവിൻ തോമസ് ആശംസിച്ചു. ആഘോഷപരിപാടികളുടെ ചിത്രങ്ങളും അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.
Discussion about this post