ഹൈദരാബാദ്: തെലങ്കാനയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രചാരണ വാഹനത്തിൽ നിന്നും താഴെ വീണ് ഭാരത് രാഷ്ട്ര സമിതി വർക്കിങ് പ്രസിഡന്റും സംസ്ഥാന മന്ത്രിമായ കെടി രാമറാവുവിന് പരിക്ക്. നിസാമാബാദ് ജില്ലയിലെ അർമൂർ ടൗണിലായിരുന്നു അപകടം. തുറന്ന വാഹനത്തിന് മുകളിൽ കൈവീശി നിന്ന് റാലിയിൽ പങ്കെടുത്തുകൊണ്ടിരിക്കെ വാഹനം സഡൻ ബ്രേക്കിടുകയായിരുന്നു.
ടെമ്പോ ട്രാവലറിന് മുകളിൽ താൽക്കാലികമായി ബാരിക്കേഡ് വെച്ചായിരുന്നു മന്ത്രിയെയും നേതാക്കളെയും കയറ്റി നിർത്തിയത്. വാഹനം കുറച്ച് വേഗത്തിലുമാണ് സഞ്ചരിച്ചത്. പെട്ടന്ന് ബ്രേക്കിട്ടതോടെ മുൻപിൽ നിന്ന കെടിആറും ഒപ്പമുണ്ടായിരുന്നവരും ബാരിക്കേഡ് പൊളിഞ്ഞ് വാഹനത്തിന് മുൻപിലേക്ക് വീഴുകയായിരുന്നു.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സിർസില മണ്ഡലത്തിൽ നിന്നാണ് കെടിആർ ജനവിധി തേടുന്നത്. ഇവിടെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് ശേഷമാണ് വൈകിട്ട് പ്രചാരണത്തിനായി എത്തിയത്. കഴിഞ്ഞ നാല് തിരഞ്ഞെടുപ്പിലും കെടിആർ ആയിരുന്നു ഇവിടെ വിജയിച്ചത്.
പത്രിക സമർപ്പിച്ച ശേഷം അർമൂർ മണ്ഡലത്തിൽ ബിആർഎസ് സ്ഥാനാർത്ഥിയായ ജീവൻ റെഡ്ഡിയുടെ പ്രചാരണത്തിന് എത്തിയപ്പോഴായിരുന്നു അപകടം. കെടിആറും വാഹനത്തിലുണ്ടായിരുന്ന മറ്റ് നേതാക്കളും താഴെ വീഴുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കെടിആറിനൊപ്പം ഉണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ ഓടിയെത്തി പിടിച്ചെഴുന്നേൽപിക്കുകയായിരുന്നു.
മന്ത്രിയുടെ പരിക്ക് ഗുരുതരമല്ലെന്നും മറ്റ് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കുമെന്നും നേതാക്കൾ അറിയിച്ചു. കോടാങ്കലിലെ പ്രചാരണത്തിലും മന്ത്രി പിന്നീട് പങ്കെടുത്തു.
Discussion about this post