തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. രണ്ട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. അതേസമയം അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ദുർബലമായി.
എറണാകുളം, പാലക്കാട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. ഈ ജില്ലകളിൽ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. യെല്ലോ അലർട്ട് ഇല്ലെങ്കിലും മറ്റുള്ള ജില്ലകളിലും മഴ ലഭിക്കും. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. ഉച്ചതിരിഞ്ഞുള്ള സമയങ്ങളിൽ ആകും ഇടിമിന്നലും കാറ്റും അനുഭവപ്പെടുക. ഈ സമയങ്ങളിൽ പുറത്തേക്ക് ഇറങ്ങരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ശക്തമായ മഴയുടെ സാഹചര്യത്തിൽ കൽക്ഷോഭത്തിനും സാദ്ധ്യതയുണ്ട്. അതിനാൽ മത്സ്യത്തൊഴിലാളികളും കടൽ തീരത്ത് താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ഇന്ന് രാത്രി 11.30 വരെ 1.0 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് വിവരം. അതേസമയം മത്സ്യ ബന്ധനത്തിന് വിലക്കില്ല.
മധ്യ കിഴക്കൻ അറബിക്കടലിനു മുകളിലായാണ് ന്യുന മർദ്ദം നിലനിൽക്കുന്നത്. കോമാറിൻ മേഖലക്ക് മുകളിൽ ചക്രവാത ചുഴി നിലനിലയ്ക്കുന്നുണ്ട്. ഇതിന്റെ സ്വാധീന ഫലമായും സംസ്ഥാനത്ത് മഴ ലഭിക്കും.
Discussion about this post