ചോക്ലേറ്റ്.. ആഹാ.. പ്രായമെത്ര ആയാലും ചോക്ലേറ്റ് എന്ന് കേൾക്കുമ്പോൾ ഒരു കൊതിപിടിപ്പിക്കുന്ന അനുഭൂതി മനസിന്റെ ഏതോ കോണിൽ ഇങ്ങനെ പൊട്ടിവിടരും. കുട്ടികൾക്ക് കഴിക്കാൻ ഇഷ്ടമുള്ളതും ചോക്ലേറ്റ് തന്നെ. വയറും പല്ലും കേടാവും എന്ന് പറഞ്ഞ് കുട്ടികൾക്ക് ചോക്ലേറ്റ് വിലക്കുന്ന മാതാപിതാക്കളാണെങ്കിൽ ഓർത്തോളൂ. നിങ്ങൾ ഇപ്പോൾ ചെയ്ത് കൊണ്ടിരിക്കുന്നതാണ് പാതകം. അൽപ്പം സ്വൽപ്പം ചോക്ലേറ്റ് കഴിക്കുമ്പോളുള്ള ഗുണങ്ങൾ അനവധിയാണ്.
തലച്ചോറിന്റെ പ്രവർത്തനങ്ങളെ സഹായിക്കുന്ന ആന്റിഓക്സിഡന്റ് തന്മാത്രകളായ ഫ്‌ളവനോളുകൾ ചോക്ലേറ്റിൽ അടങ്ങിയിട്ടുണ്ട്. ഫ്‌ലേവനോളുകൾ തലച്ചോറിലെ ന്യൂറോണുകളെ സംരക്ഷിക്കുകയും ഓർമ്മ, പഠനവുമായി ബന്ധപ്പെട്ട കഴിവുകൾ എന്നിവ വർദ്ധിപ്പിക്കുകയും ചെയ്യും. ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് മെമ്മറിയും പഠനവും മെച്ചപ്പെടുത്താൻ സഹായിക്കും. ഇത് കോഗ്‌നിറ്റീവ് പ്രവർത്തനം മെച്ചപ്പെടുത്തുകയും ഓർമ്മശക്തി കുറയാതിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ഡാർക്ക് ചോക്ലേറ്റിൽ, പ്രത്യേകിച്ച് 70% കൊക്കോ അടങ്ങിയ ചോക്ലേറ്റിൽ, ഫിനോളിക് സംയുക്തങ്ങളുടെ ഉയർന്ന അളവ് അടങ്ങിയിരിക്കുന്നു. ഫിനോലിക് സംയുക്തങ്ങൾ ആന്റിഓക്‌സിഡന്റുകളാണ്. അവ ശരീരത്തെ ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു. ഫ്രീ റാഡിക്കലുകൾ കോശങ്ങളെ കേടുവരുത്തുകയും രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യുന്ന സ്ഥിരതയില്ലാത്ത തന്മാത്രകളാണ്.
ഗവേഷണമനുസരിച്ച്, ഡാർക്ക് ചോക്ലേറ്റ് ഉപയോഗിക്കുന്നത്, പ്രത്യേകിച്ച് കൊറോണറി ഹൃദ്രോഗം, ഹൃദയാഘാതം എന്നിവ പോലുള്ള രോഗങ്ങൾ (സിവിഡി) കുറയ്ക്കുന്നതിനും നല്ലതാണ്. ചോക്ലേറ്റ് ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കും. ഇത് കൊറോണറി ഹൃദ്രോഗത്തിനുള്ള സാധ്യത കുറയ്ക്കും. ഡാർക്ക് ചോക്ലേറ്റ് രക്തക്കുഴലുകളിലൂടെയുള്ള സാധാരണ രക്തപ്രവാഹത്തിന് സഹായിക്കും.
ചോക്ലേറ്റുകൾ തയ്യാറാക്കാൻ ഉപയോഗിക്കുന്ന കൊക്കോയിൽ അടങ്ങിയിരിക്കുന്ന പോളിഫെനോളുകൾ സമ്മർദ്ദം കുറയ്ക്കുമെന്ന് ചില പഠന റിപ്പോർട്ടുകളുണ്ട്. ഡാർക്ക് ചോക്ലേറ്റിലും മിൽക്ക് ചോക്ലേറ്റിലും അത്തരം പോളിഫെനോൾ അടങ്ങിയിട്ടുണ്ട്.
ചോക്ലേറ്റുകളിൽ ആനന്ദമൈഡ് അടങ്ങിയിട്ടുണ്ടത്രേ. ”ആനന്ദ” എന്ന സംസ്‌കൃത പദത്തിൽ നിന്നാണ് ഈ പേര് വന്നത്. സ്‌നേഹ വികാരങ്ങൾ വർദ്ധിപ്പിക്കുമെന്ന് പറയപ്പെടുന്ന ഫെനൈത്തിലൈലാമൈൻ എന്ന രാസ സംയുക്തവും ചോക്ലേറ്റുകളിൽ അടങ്ങിയിട്ടുണ്ട്.
ഡാർക്ക് ചോക്ലേറ്റ് വൃക്കകളെ സംരക്ഷിക്കുമെന്ന് ഗവേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഡാർക്ക് ചോക്ലേറ്റിലെ ഫ്‌ളവനോളുകൾ വൃക്കകളുടെ പ്ര വർത്തനത്തിന് ആവശ്യമായ കോശങ്ങളിലെ ഓക്‌സിജൻ നിലനിർത്താൻ സഹായിക്കുന്നു.
Discussion about this post