തിരുവനന്തപുരം; തന്നെയും പാർട്ടി സംരക്ഷിക്കുന്നുണ്ടെന്നും ജനങ്ങൾക്കിടയിലും സഖാക്കൾക്കിടയിലുമുളള സംശയനിവാരണത്തിന് തന്റെ പേരിൽ നടപടിയെടുത്തതാണെന്നും കണ്ടല സഹകരണ ബാങ്ക് ക്രമക്കേടിൽ ആരോപണ വിധേയനായ മുൻ ബാങ്ക് പ്രസിഡന്റ് എൻ ഭാസുരാംഗൻ. കരുവന്നൂർ സഹകരണ ബാങ്കിൽ തട്ടിപ്പ് നടത്തിയ സിപിഎം നേതാക്കളെ സംരക്ഷിക്കുന്നതുപോലെ സിപിഐ എന്തുകൊണ്ട് സംരക്ഷിക്കുന്നില്ലെന്ന ചോദ്യത്തിനായിരുന്നു ഭാസുരാംഗന്റെ മറുപടി. ഇഡി റെയ്ഡിന് ശേഷം വാർത്താചാനലുകൾക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ഭാസുരാംഗൻ ഇക്കാര്യം വ്യക്തമാക്കിയത്.
പാർട്ടി എടുത്ത നടപടി 100 ശതമാനം അംഗീകരിക്കുന്നു. ഇന്നലെ വരെ പാർട്ടിയിൽ എങ്ങനെ പ്രവർത്തിച്ചിരുന്നോ അതുപോലെ തുടർന്നും പ്രവർത്തിക്കും. ബാങ്കിൽ 101 കോടി രൂപയുടെ മൂല്യശോഷണം ഉണ്ടായെന്ന റിപ്പോർട്ടിന് പിന്നിൽ ഒരു എൽഡിഎഫ് നേതാവ് തന്നെയാണെന്നും ഇയാൾക്കെതിരെ പാർട്ടിയിൽ പരാതി നൽകിയിട്ടുണ്ടെന്നും ഭാസുരാംഗൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
48 കോടി രൂപ എഴുതി ആദ്യം കൊടുത്ത റിപ്പോർട്ടിന്റെ പകർപ്പ് എന്റെ കൈയ്യിൽ ഉണ്ട്. ഉന്നതനായ ഒരു നേതാവ് ഈ ഉദ്യോഗസ്ഥനെ വിളിച്ചുപറഞ്ഞു 48 കോടി എന്തിന് 100 കോടിയെങ്കിലും വേണമെന്ന്. പിന്നെ ഉദ്യോഗസ്ഥൻ എഴുതി എഴുതി 101 കോടിയാക്കി. ആരാണ് നേതാവെന്ന ചോദ്യത്തിന് എൽഡിഎഫിൽ നിൽക്കുമ്പോൾ തനിക്ക് പേര് പറയാൻ പരിമിതിയുണ്ടെന്ന് ആയിരുന്നു ഭാസുരാംഗന്റെ പ്രതികരണം.
ഇഡി അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ കുറച്ച് വിവരങ്ങൾ ശേഖരിച്ചു പോയി. ഇനിയും അവർ തിരക്കും. അവർക്ക് ഒരുപാട് സംവിധാനങ്ങളുണ്ടല്ലോ അവർ വലിയ ഡിപ്പാർട്ട്‌മെന്റല്ലേയെന്നും ഭാസുരാംഗൻ പറഞ്ഞു. രാജ്യത്തിന്റെ സമ്പത്ത് കണക്കാക്കുന്ന ഡിപ്പാർട്ട്‌മെന്റല്ലേ എല്ലാ അന്വേഷണവും നടന്ന ശേഷം അവർ ശിക്ഷാ നടപടിയുമായി വരുമ്പോഴല്ലേ നമുക്ക് പറയാൻ പറ്റു. ഇനിയും തന്നെ
വിളിപ്പിക്കുമായിരിക്കുമെന്നും ഭാസുരാംഗൻ പറഞ്ഞു.
2008 ൽ ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ ആളാണ്. ഭക്ഷണം കഴിക്കാതെയൊക്കെ ഇരുന്നതിന്റെ ക്ഷീണമായിരുന്നു തനിക്ക് അനുഭവപ്പെട്ടത്. ഉദ്യോഗസ്ഥൻമാർ തന്നെയാണ് ആശുപത്രിയിലാക്കിയത്. ബാങ്കിലും ഭാസുരാംഗന്റെ മാറാനല്ലൂരിലെ വീട്ടിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. ഭാസുരാംഗനെയും മകൻ അഖിൽജിത്തിനെയും ചോദ്യം ചെയ്തതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഭാസുരാംഗൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
സിപിഐ ജില്ലാ നിർവ്വാഹക സമിതിയംഗമായിരുന്ന ഭാസുരാംഗൻ പ്രസിഡന്റായിരിക്കെ ബാങ്കിൽ 101 കോടി രൂപയുടെ മൂല്യശോഷണം ഉണ്ടായെന്നാണ് സഹകരണ വകുപ്പ് തന്നെ കണ്ടെത്തിയത്.
Discussion about this post