ന്യൂഡൽഹി: അസുഖബാധിതയായ ഭാര്യയെ വസതിയിൽ എത്തി കണ്ട് മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. കോടതി അനുമതി ലഭിച്ചതിന് പിന്നാലെയാണ് അദ്ദേഹം വീട്ടിൽ എത്തിയത്. വൈകീട്ട് ജയിലിലേക്ക് തന്നെ മടങ്ങും.
രാവിലെ 10 മണി മുതൽ വൈകീട്ട് അഞ്ച് മണിവരെയുള്ള സമയങ്ങളിൽ ഭാര്യയ്‌ക്കൊപ്പം ചിലവഴിക്കാനാണ് അനുമതിയുള്ളത്. രാവിലെ 10 മണിയോടെ തന്നെ അദ്ദേഹവുമായി പോലീസ് സംഘം വീട്ടിലെത്തി. അഞ്ച് മണിവരെ അദ്ദേഹം ഇവിടെ തുടരും. വൻ പോലീസ് കാവലാണ് സിസോദിയയുടെ വീടിന് പുറത്ത് ഏർപ്പെടുത്തിയിട്ടുള്ളത്.
വെള്ളിയാഴ്ചയാണ് ഭാര്യയെ കാണാൻ അദ്ദേഹത്തിന് കോടതി അനുമതി നൽകിയത്. കർശന വ്യവസ്ഥയോടെയായിരുന്നു അനുമതി. ഭാര്യയെ സന്ദർശിക്കുന്ന വേളയിൽ രാഷ്ട്രീയ പാർട്ടികളോട് സംസാരിക്കുകയോ രാഷ്ട്രീയ പ്രവർത്തനത്തിൽ ഏർപ്പെടുകയോ ചെയ്യരുത്. ഇതിന് പുറമേ മാദ്ധ്യമങ്ങളോട് പ്രതികരിക്കരുതെന്നും നിർദ്ദേശവുണ്ട്. ഇത് രണ്ടാം തവണയാണ് ഭാര്യയെ കാണാൻ സിസോദിയയ്ക്ക് അനുമതി ലഭിക്കുന്നത്. ഈ വർഷം ഏപ്രിൽ 25 നും ഭാര്യയെ കാണാൻ അനുമതി നൽകിയിരുന്നു. മദ്യ നയ അഴിമതിക്കേസിൽ അറസ്റ്റിലായി തിഹാർ ജയിലിലാണ് സിസോദിയ ഉള്ളത്.
Discussion about this post