ഫിൽബിത്ത് : കൊലപാതകക്കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ വാദം നടക്കുന്നതിനിടെ അരങ്ങേറിയത് നാടകീയ സംഭവങ്ങൾ. 11 കാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിന്റെ വാദം കേൾക്കുന്നതിനിടെ ”കൊല്ലപ്പെട്ട ആൺകുട്ടി” നേരിട്ട് പ്രത്യക്ഷപ്പെടുകയായിരുന്നു. താൻ മരിച്ചിട്ടില്ലെന്നും മുത്തച്ഛനെയും അമ്മാവനെയും തന്റെ അച്ഛൻ കേസിൽ കുടുക്കാൻ ശ്രമിച്ചതാണെന്നും കുട്ടി കോടതിയെ ബോധിപ്പിച്ചു.
സ്ത്രീധനം ആവശ്യപ്പെട്ട് പിതാവ് മർദ്ദിച്ചതിനെ തുടർന്ന് കുട്ടിയുടെ അമ്മ 2013 മാർച്ചിൽ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ കുട്ടി മുത്തച്ഛനോടൊപ്പമാണ് താമസം. സ്ത്രീധന പീഡനത്തിനെതിരെ അന്ന് കുട്ടിയുടെ മുത്തച്ഛൻ പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.
എന്നാൽ പിന്നീട് കുട്ടിയുടെ അച്ഛൻ, മകനെ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് നിയപോരാട്ടം ആരംഭിച്ചു. മകന്റെ അവകാശം തനിക്കാണെന്നും, അവനെ ഭാര്യവീട്ടുകാർ തടവിലാക്കിയിരിക്കുകയാണെന്നും അയാൾ ആരോപിച്ചു. ഇതിന് പിന്നാലെയാണ് മകനെ ഭാര്യാ പിതാവും സഹോദരന്മാരും ചേർന്ന് കൊലപ്പെടുത്തിയെന്ന് വരുത്തിത്തീർക്കാൻ ഇയാൾ ശ്രമിച്ചത്. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കുട്ടിയുടെ മുത്തച്ഛനും അമ്മാവന്മാർക്കുമെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു.
ഈ കേസിന്റെ വാദം കേൾക്കുന്നതിനിടെയാണ് കുട്ടി സുപ്രീം കോടതിയിൽ നേരിട്ട് ഹാജരായത്. ഈ സാഹചര്യത്തിൽ കോടതി കേസ് അടുത്ത ജനുവരിയിലേക്ക് മാറ്റിവെച്ചിരിക്കുകയാണ്.
Discussion about this post