വര്‍ഷങ്ങളായി ഉപയോഗിക്കാത്ത ജിമെയില്‍ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യാന്‍ ഗൂഗിള്‍.രണ്ടു വര്‍ഷത്തിലേറെയായി ലോഗിന്‍ ചെയ്യാത്ത പത്തു ലക്ഷത്തിലേറെ അക്കൗണ്ടുകളാണ് ഈ വര്‍ഷം ഡിസംബറിനുള്ളില്‍ ഡീആക്ടിവേറ്റ് ചെയ്യുന്നത്.അക്കൗണ്ട് മാത്രമല്ല ഗൂഗിള്‍ ഡോക്സ്, ഡ്രൈവ്, മീറ്റ്, കലണ്ടര്‍ ,ഗൂഗിള്‍ ഫോട്ടോസ്, എന്നിവയും ഉപയോക്തവിന് നഷ്ടമാകും. സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഗണിച്ചാണ് ഗൂഗിള്‍ ഈ തീരുമാനമെടുത്തിരിക്കുന്നത്.
ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകള്‍ ദുരുപയോഗിക്കപ്പെടാന്‍ സാധ്യതയുള്ളതിനാലാണ് അവ ഡിലീറ്റ് ചെയ്യുന്നതെന്നാണ് ഗൂഗിളിന്റെ വാദം. രണ്ടു വര്‍ഷത്തിനിടെ ലോഗിന്‍ ചെയ്യാത്തതോ ആക്ടീവ് ആകാത്തതോ ആയ അക്കൗണ്ടുകളെയാണ് തീരുമാനം ബാധിക്കുക. ലോഗിന്‍ ചെയ്യാത്ത അക്കൗണ്ടുകളുടെ റിക്കവറി ഇമെയിലുകളിലേക്ക് ഇതിനോടകം ഗൂഗിള്‍ ഇക്കാര്യം സൂചിപ്പിച്ച് മെയിലുകള്‍ അയച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഈ നിയമം വ്യക്തിപരമായ അക്കൗണ്ടുകള്‍ക്കാണ് ബാധകമാകുക. സ്ഥാപനങ്ങളുടെ മെയില്‍ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യാന്‍ കമ്പനി ഉദ്ദേശിക്കുന്നില്ല.
നിങ്ങളുടെ അക്കൗണ്ട് സജീവമായി നിലനിര്‍ത്താന്‍ എന്തുചെയ്യണം?
രണ്ടു വര്‍ഷത്തിലൊരിക്കല്‍ ലോഗിന്‍ ചെയ്‌തോ, പ്ലേസ്റ്റോര്‍( play store), യുട്യൂബ്(youtube), ഗൂഗിള്‍ സേര്‍ച്(google search) തുടങ്ങിയ സേവനങ്ങള്‍ക്കായി ഉപയോഗിച്ചാലും ഗൂഗിള്‍ അക്കൗണ്ട് നിലനിര്‍ത്താനാകും.
ഗൂഗിളിന്റെ ഏറ്റവും പുതിയ സുരക്ഷാ നീക്കങ്ങളില്‍ ഒന്നാണിത്. പാസ് വേഡുകളേക്കാള്‍ സുരക്ഷിതമായ പാസ്‌കീകള്‍ ലോഗിന്‍ ഓപ്ഷനായി നല്‍കുമെന്ന് കമ്പനി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഉപയോക്താക്കളെ ഓണ്‍ലൈനില്‍ കൂടുതല്‍ സുരക്ഷിതരാക്കുകയെന്ന ലക്ഷ്യമാണ് ഗൂഗിളിന്റെ നീക്കത്തിന് പിന്നില്‍. നിഷ്‌ക്രിയമായ അക്കൗണ്ടുകള്‍ ഹാക്കര്‍മാര്‍ക്കും സൈബര്‍ തട്ടിപ്പ് നടത്തുന്നവര്‍ക്കും എളുപ്പം കൈക്കലാക്കാനാകുമെന്നാണ് ഗൂഗിള്‍ വിലയിരുത്തുന്നത്. ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകളില്‍ ടൂ ഫാക്ടര്‍ ഓതന്റിക്കേഷന്‍ ഇല്ലാത്തതിനാല്‍ ഇവയുടെ പാസ് വേഡുകള്‍ സുരക്ഷിതമല്ലെന്നും ഗൂഗിള്‍ വിലയിരുത്തുന്നു.
Discussion about this post