ജയ്പൂർ; രാജസ്ഥാനിൽ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന കോൺഗ്രസിന് ഇരട്ട പ്രഹരം. മുതിർന്ന നേതാക്കൾ ബിജെപി ചേർന്നതോടെ അന്തംവിട്ടിരിക്കുകയാണ് പാർട്ടി. മുൻ മന്ത്രി രാം ഗോപാൽ ഭൈർവ, മുൻ എം എൽ എ അശോക് തൻവാർ എന്നിവർ അടക്കമുള്ളവരാണ് കോൺഗ്രസ് വിട്ടത്. ബി ജെ പി അദ്ധ്യക്ഷൻ സിപി ജോഷിയുടേയും ലോക്‌സഭ എം പി രാജ്യവർധൻ സിംഗ് റാത്തോറിന്റേയും സാന്നിധ്യത്തിലായിരുന്നു നേതാക്കൾ ബിജെപി അംഗത്വം നേടിയത്.
2019 ൽ കോൺഗ്രസ് വിട്ട നേതാവാണ് തൻവാർ. പിന്നാലെ ഇയാൾ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. 2021 ൽ തൃണമൂലിൽ നിന്ന് രാജിവെയ്ക്കുകയും സ്വന്തം പാർട്ടിയായ അപ്നാ ഭാരത് മോർച്ച രൂപീകരിക്കുകയും ചെയ്തു. ഹരിയാന കോൺഗ്രസ് നേതാവ് ഭൂപീന്ദർ സിംഗ് ഹൂഡയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് തൻവാർ പാർട്ടി വിട്ടത്. ഹരിയാന തിരഞ്ഞെടുപ്പിൽ ജെജെപിയുടെ ദുഷ്യന്ത് പട്ടാലയ്ക്ക് പിന്തുണ പ്രഖ്യാപിച്ച തൻവാർ കോൺഗ്രസിനെതിരെ പ്രചരണം നടത്തുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസവും കോൺഗ്രസിൽ നിന്നും നിരവധി പേർ രാജിവെച്ചിരുന്നു. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ അടുത്ത അനുയായിയും ജോധ്പൂർ മുൻ മേയറുമായ രാമേശ്വർ ദധിച്ച് അടക്കമുള്ളവരായിരുന്നു കഴിഞ്ഞ ദിവസം പാർട്ടി വിട്ടത്. ഇദ്ദേഹം പിന്നീട് ബിജെപിയിൽ ചേർന്നിരുന്നു.
Discussion about this post