ഹൈദരാബാദ്; ആദ്യമായിട്ടാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി ഞങ്ങൾക്കൊപ്പം വേദി പങ്കിടുന്നത്. വികാര നിർഭരമായ വാക്കുകൾക്കൊടുവിൽ മന്ദ കൃഷ്ണ മഡിഗ വിതുമ്പിപ്പോയി. തെലങ്കാനയിൽ പ്രത്യേക സംവരണം ആവശ്യപ്പെട്ട് പോരാട്ടം നടത്തുന്ന മഡിഗ സമുദായ നേതാവാണ് മന്ദ കൃഷ്ണ മഡിഗ. ആ വാക്കുകൾക്കൊടുവിൽ അദ്ദേഹത്തെ ചേർത്തുനിർത്തി പ്രധാനമന്ത്രി വേദിയിൽ ആശ്വസിപ്പിച്ചു.
പട്ടികജാതി വിഭാഗത്തിൽ ഉപസംവരണം ആവശ്യപ്പെട്ട് മൂന്ന് ദശാബ്ദങ്ങളായി പോരാട്ടം നടത്തുകയാണ് മഡിഗ സമുദായം. ഹൈദരാബാദിലെ പൊതുറാലിയിലായിരുന്നു സമുദായ നേതാവ് മന്ദ കൃഷ്ണ മഡിഗയെ പ്രധാനമന്ത്രി ചേർത്തുനിർത്തിയത്. ഇദ്ദേഹത്തെ ആശ്വസിപ്പിക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളും ഏറ്റെടുത്തു.
നിങ്ങളിൽ നിന്ന് ഒന്നും ആവശ്യപ്പെടാനല്ല ഇവിടെയെത്തിയതെന്ന് പറഞ്ഞായിരുന്നു പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. സ്വാതന്ത്ര്യത്തിന് ശേഷം മഡിഗ സമുദായത്തെ അവഗണിച്ച എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും വേണ്ടി മാപ്പ് ചോദിക്കാനാണ് ഈ വേദിയിലെത്തിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പട്ടികജാതി വിഭാഗത്തിൽ ഉപസംവരണം ആവശ്യപ്പെട്ട് മൂന്ന് ദശാബ്ദങ്ങളായി മഡിഗ സംവരണ പോരാട്ട സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ നടന്നുവരികയാണ്. എന്നാൽ ആന്ധ്രയിലെ രാഷ്ട്രീയ നേതൃത്വം ഇവരുടെ ശബ്ദം ഇതുവരെ കേട്ടില്ല. അധികാരത്തിലെത്തിയാൽ ആദ്യ ദളിത് മുഖ്യമന്ത്രിയെന്ന ഉറപ്പിന് പിന്നാലെയാണ് മഡിഗ സമുദായത്തെ ബിജെപി ചേർത്തുനിർത്തുന്നത്. തെലങ്കാനയിലെ പട്ടികജാതി വിഭാഗത്തിൽ ഭൂരിപക്ഷം വരുന്നവരാണ് മഡിഗ സമുദായം.
നിങ്ങളുടെ പോരാട്ടത്തിന് ഒരുപാട് സഹായങ്ങൾ കിട്ടിയിട്ടുണ്ടാകും. ഇന്ന് ഒരു സഹായം കൂടി ലഭിച്ചുവെന്ന് കരുതിയാൽ മതി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 10 വർഷമായി തെലങ്കാനയിൽ അധികാരത്തിലിരിക്കുന്ന സർക്കാരിന് ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റാനായില്ലെന്ന് പ്രധാനമന്ത്രി വിമർശിച്ചു. മഡിഗ സമുദായത്തെ വഞ്ചിക്കുന്ന നിലപാടാണ് തെലങ്കാന സർക്കാർ സ്വീകരിക്കുന്നതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
കോൺഗ്രസിനെയും പ്രധാനമന്ത്രി വെറുതെ വിട്ടില്ല. തെലങ്കാന സംസ്ഥാന രൂപീകരണത്തിൽ തടസങ്ങളുണ്ടാക്കാൻ കോൺഗ്രസ് നടത്തിയ ശ്രമങ്ങൾ ആർക്കാണ് മറക്കാനാകുകയെന്ന് പ്രധാനമന്ത്രി ചോദിച്ചു. തെലങ്കാന സംസ്ഥാനം യാഥാർത്ഥ്യമായപ്പോൾ ബിആർഎസ് നേതാവ് കെസിആർ കോൺഗ്രസിന് നന്ദി പറയാൻ പോയി. പക്ഷെ ജനങ്ങളെ അദ്ദേഹം മറന്നു. തെലങ്കാനയ്ക്കായുളള പ്രതിഷേധത്തിനിടയിൽ ഒരു ദളിതനെ മുഖ്യമന്ത്രിയാക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. പക്ഷെ എന്നിട്ട് അദ്ദേഹം തന്നെ മുഖ്യമന്ത്രി പദം കൈവശപ്പെടുത്തുകയായിരുന്നുവെന്നും പ്രധാനമന്ത്രി വിമർശിച്ചു. കോൺഗ്രസും ബിആർഎസും ഒരുപോലെ ദളിത് വിരുദ്ധരാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post