ധാർ (എംപി): നരേന്ദ്ര മോദി സർക്കാരിന്റെ നേതൃത്വത്തിലുള്ള ഭരണത്തിൽ രാജ്യം സുരക്ഷിതമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രതിപക്ഷത്തിന്റെ ഇൻഡിയ സഖ്യത്തിനോ കോൺഗ്രസിനോ ചെയ്യാൻ കഴിയാത്തത്രയും മികച്ച രീതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ സുരക്ഷിതമാക്കിയെന്ന് അദ്ദേഹം പറഞ്ഞു. നവംബർ 17ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മധ്യപ്രദേശിലെ ധാർ ജില്ലയിലെ മനാവാർ നിയമസഭാ മണ്ഡലത്തിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.
‘നമ്മുടെ രാജ്യത്തെ നുഴഞ്ഞുകയറ്റ വിമുക്തമാക്കുകയും സുരക്ഷിതമാക്കുകയും ചെയ്തിരിക്കുകയാണ് മോദി. അടുത്തിടെ, എൻഐഎ രാജ്യത്തുടനീളം റെയ്ഡുകൾ ആരംഭിക്കുകയും റോഹിങ്ക്യൻ നുഴഞ്ഞുകയറ്റത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും ചെയ്തു. നുഴഞ്ഞുകയറ്റം തടയാൻ ഇൻഡിയ സഖ്യത്തിന് കഴിയുമോ? കോൺഗ്രസ് പാർട്ടിക്ക് ഇത് തടയാൻ കഴിയുമോ? അമിത ഷാ യോഗത്തിൽ ചോദിച്ചു.
മോദി സർക്കാർ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ (പിഎഫ്ഐ) നിരോധിക്കുകയും ആർട്ടിക്കിൾ 370 റദ്ദാക്കി കശ്മീരിനെ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാക്കുകയും ചെയ്തു, ഷാ പറഞ്ഞു. “ആർട്ടിക്കിൾ 370 നീക്കം ചെയ്താൽ കശ്മീർ താഴ്‌വരയിലെ തെരുവുകളിലൂടെ രക്തമൊഴുകുമെന്ന് അക്കാലത്ത് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. എന്നാൽ രക്തം ഒഴുകുകയോ കല്ലെറിയാൻ ആരും ധൈര്യപ്പെടുകയോ ചെയ്തില്ല, ”അദ്ദേഹം ഓർമ്മപ്പെടുത്തി.
കോൺഗ്രസ് ഭരണ കാലത്തു തീവ്രവാദികളെ മറയാക്കിയുള്ള പാകിസ്താൻ ആക്രമണത്തിനു തക്കതായ മറുപടി നല്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നില്ലെന്നു സമ്മേളനത്തിൽ അദ്ദേഹം ആരോപിച്ചു. അതേസമയം ഉറി, പുൽവാമ ഭീകരാക്രമണത്തിന് ശേഷം പത്ത് ദിവസത്തിനുള്ളിൽ സർജിക്കൽ, വ്യോമാക്രമണം നടത്തി മോദി സർക്കാർ പാകിസ്താനെ പാഠം പഠിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിങ്ങൾക്ക് രാജ്യം സുരക്ഷിതമാക്കണമെങ്കിൽ കേന്ദ്രത്തിൽ മോദി സർക്കാരിനെയും സംസ്ഥാനത്ത് ബിജെപി സർക്കാരിനെയും അധികാരത്തിലെത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ബദ്‌നവാറിലും ധാറിലും നടന്ന ഭാരതീയ ജനതാ പാർട്ടിയുടെ പ്രചാരണ യോഗങ്ങളിലും മനാവർ, ഗന്ധ്‌വാനി എന്നിവിടങ്ങളിലെ റോഡ്‌ഷോകളിലും അമിത്ഷാ പങ്കെടുത്തിരുന്നു.
“ഈ തിരഞ്ഞെടുപ്പ് ഒരു എംഎൽഎയെ തിരഞ്ഞെടുക്കാൻ മാത്രമല്ല. ഇത് ഇന്ത്യയുടെയും മധ്യപ്രദേശിന്റെയും ഭാഗധേയം നിർണയിക്കുന്നതാണ്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ മധ്യപ്രദേശിന്റെയും ഇന്ത്യയുടെയും കടിഞ്ഞാൺ രാഹുൽ ഗാന്ധിയുടെ കോൺഗ്രസിന്റെയോ മോദിജിയുടെ ബി.ജെ.പിയുടെയോ കൈകളിൽ തുടരുമോ എന്ന് തീരുമാനിക്കാനുള്ള തെരഞ്ഞെടുപ്പാണിത്, ”അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് നേതാക്കളായ ദിഗ്‌വിജയ സിംഗും കമൽനാഥും മധ്യപ്രദേശിനെ നശിപ്പിക്കുകയും അതിനെ ഒരു പിന്നോക്ക സംസ്ഥാനമാക്കി മാറ്റിയെന്നും അമിത് ഷാ ആരോപിച്ചു. 18 വർഷം കൊണ്ട് ബിജെപി സംസ്ഥാനത്ത് സുസ്ത്ർഹ്യമായ മാറ്റമാണ് കൊണ്ടുവന്നതെന്നും അമിത ഷാ സമ്മേളനത്തിൽ ഓർമ്മപ്പെടുത്തി. അതേസമയം 70 വർഷമായി അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നത് കോൺഗ്രസ് പാർട്ടി തടസ്സപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു.
കോൺഗ്രസ് എല്ലായ്‌പ്പോഴും ഇന്ത്യൻ സംസ്‌കാരത്തെ അപമാനിക്കുകയാണെന്നും അദ്ദേഹം യോഗത്തിൽ പറഞ്ഞു. അയോധ്യയിൽ രാമക്ഷേത്രം, കാശി വിശ്വനാഥ് ഇടനാഴി, മഹാകാൽ ലോക് ഇടനാഴി, ബാബാ കേദാർനാഥ്, മാ വിന്ധ്യവാസിനി തീർഥാടന കേന്ദ്രങ്ങൾ, കർതാർപൂർ സാഹിബ് ഇടനാഴി തുടങ്ങിയ കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങളെ അദ്ദേഹം വേദിയിൽ ആവർത്തിച്ചു ; മോദി വീണ്ടും കശ്മീരിൽ മാ ശാരദയെ പ്രതിഷ്ഠിക്കുകയും പുതിയ പാർലമെന്റ് മന്ദിരത്തിൽ ചെങ്കോൽ സ്ഥാപിക്കുകയും ചെയ്തു, ” അമിത് ഷാ പറഞ്ഞു .
Discussion about this post