ഹൈദരാബാദ്: വീണ്ടുമൊരു നിയമസഠഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണ് തെലങ്കാന. ഈ മാസം 30 നാണ് തിരഞ്ഞെടുപ്പ് നടക്കുക. വിവിധ പാർട്ടികൾ തങ്ങളുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചരണവും ആരംഭിച്ച് കഴിഞ്ഞു.
ഇപ്പോഴിതാ സ്ഥാനാർത്ഥികളുടെ സ്വത്ത് വിവരങ്ങൾ സംബന്ധിച്ച വിവരങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. കോൺഗ്രസ് സ്ഥാനാർത്ഥികളാണ് ആസ്തികളിൽ മുൻപന്തിയിലുള്ളത്. ചെന്നൂർ നിയോജകമണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി ജി വിവേകാനന്ദയാണ് അതിസമ്പന്നനായ സ്ഥാനാർത്ഥിയ 600 കോടിയുടെ ആസ്തിയാണ് ഇയാൾക്കുള്ളതെന്നാണ് സത്യവാങ്മൂലത്തിൽ നിന്നും വ്യക്തമാകുന്നത്. രണ്ടാമതായി കോൺഗ്രസിൽ നിന്ന് തന്നെയുള്ള പി ശ്രീനിവാസ് റെഡ്ഡിയാണ്. പാളയാർ മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന ഇയാളുടെ സ്വത്തിന്റെ മൂല്യം 460 കോടിയാണ് . മറ്റൊരു കോൺഗ്രസ് സ്ഥാനാർത്ഥി രാജ് ഗോപാൽ റെഡ്ഡിയുടെ വരുമാനം 2022-23 സാമ്പത്തിക വർഷത്തിലെ 36.6 ലക്ഷം രൂപയിൽ നിന്ന് 71.17 കോടി രൂപയായി ഉയർന്നു.
അതിസമ്പന്നനായ വിവേകാനന്ദയ്ക്കും ഭാര്യയ്ക്കും 377 കോടിയുടെ ജംഗമ ആസ്തിയും ബാക്കി സ്വന്തം പേരിലുള്ള വിശാഖ ഇൻഡസ്ട്രീസ് ഉൾപ്പെടെയുള്ള വിവിധ കമ്പനികളിൽ ഷെയറുകളായിട്ടാണ്. ഇരുവരുടെയും സ്ഥാവര സ്വത്തുകളുടെ മതിപ്പ് 225 കോടിയാണ്. ഇരുവർക്കും 41.5 കോടിയുടെ ബാധ്യതയുണ്ടെന്നും പറയുന്നു. വിവേകിന്റെ വാർഷിക വരുമാനം കഴിഞ്ഞ സാമ്പത്തിക വർഷം 4.66 കോടിയിൽ നിന്നും 6.26 കോടിയായി ഉയർന്നിട്ടുണ്ട്. അതേസമയം ഭാര്യയുടെ വരുമാനം 6.09 കോടിയിൽ നിന്നും 9.61 കോടിയായിട്ടുണ്ട്.
മുനുഗോഡിലെ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് തന്റെ കമ്പനിയായ സുഷീ ഇൻഫ്രാ ആൻഡ് മൈനിംഗ് ലിമിറ്റഡിന്റെ 1.24 കോടി ഓഹരികൾ ഉണ്ട്, അതിന്റെ ബുക്ക് വാല്യൂ 239 കോടി രൂപയാണ്. ബിആർഎസ് സ്ഥാനാർത്ഥി പൈല ശേഖർ റെഡ്ഡി തന്റെ കുടുംബത്തിന് 83 കോടിയിലധികം ബാധ്യതകളും 227 കോടി രൂപയുടെ ആസ്തിയും ഉണ്ടെന്നാണ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.
തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ‘തനിക്ക് 59 കോടി രൂപയുടെ കുടുംബ ആസ്തിയും 25 കോടി രൂപയുടെ ബാധ്യതകളും ഉണ്ടെന്നാണ് വ്യക്തമാക്കിയിരുന്നത്. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ തനിക്ക് സ്വന്തമായി കാറില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
തെലങ്കാനയിലെ 119 നിയമസഭാ സീറ്റുകളിലേക്ക് വിവിധ പാർട്ടികളിൽ നിന്നായി 4,798 സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്. നവംബർ 13-ന് നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നടത്തും. നവംബർ 15 ആണ് സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി.
Discussion about this post