തൃശൂർ: കാൻസർ ബാധിതയായ അയൽവാസിയെ സഹായിക്കാനായി ഏഴാം ക്ലാസുകാരി സ്വരൂപിച്ചത് 3 ലക്ഷം രൂപ. തൃശൂരിലാണ് സംഭവം. വീടിനടുത്ത നിർദ്ധന കുടുംബത്തിലെ പ്രേമയുടെ കാൻസർ ചികിത്സ പണമില്ലാത്തതിനാൽ മുടങ്ങിപോകുമെന്ന അവസ്ഥ അച്ഛനിൽ നിന്നാണ് ദേവികയെന്ന ഏഴാം ക്ലാസുകാരി അറിഞ്ഞത്.
പിന്നെ എങ്ങനെ തനിക്കവരെ സഹായിക്കാവുമെന്നായി ചിന്ത. ആ സമയത്താണ് ഒരു സൂപ്പർമാർക്കറ്റിലെ നറുക്കെടുപ്പിൽ ദേവികയ്ക്ക് സൈക്കിൾ സമ്മാനമായി ലഭിക്കുന്നത്. സൈക്കിൾ വേണ്ട പണം മതിയെന്നായി ദേവിക. സ്‌കൂളിലേക്ക് ബസ് കയറാൻ രണ്ടു കിലോമീറ്റർ നടക്കണം ദേവികയ്ക്ക്. എന്നിട്ടും, സമ്മാനമായി ലഭിച്ച സൈക്കിൾ അവൾ വേണ്ടെന്നുവയ്ക്കുകയായിരുന്നു. കാര്യമറിഞ്ഞപ്പോൾ സൂപ്പർമാർക്കറ്റ് അധികൃതർ പണം നൽകി. തുടർന്ന് സൈക്കിളിന് ലഭിച്ച 6500 രൂപയും സ്‌കൂളിൽ നിന്ന് ലഭിച്ച 3500 ഉം ചേർത്ത് 10,000 രൂപ പ്രേമയ്ക്ക് കൈമാറി. തൃശൂർ കളക്ടർ വിആർ കൃഷ്ണതേജയാണ് ദേവികയുടെ കഥ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചത്.
തുടർന്ന് കൂടുതൽ പണം കണ്ടെത്താനായി ദേവൂസ് വേൾഡ് എന്ന പേരിൽ യൂട്യൂബ് ചാനൽ ആരംഭിച്ചു. സംഘടനകളും വിവിധ വ്യക്തികളും ദേവികയ്ക്ക് 12 സൈക്കിളുകൾ നൽകി. സ്‌കൂൾ അധികൃതരുടെ സഹായത്തോടെ ഇതെല്ലാം വിദ്യാർത്ഥികൾക്ക് വിറ്റു. മറ്റ് സഹായങ്ങളും ചേർത്ത് മൂന്ന് ലക്ഷം രൂപയാക്കി പ്രേമയ്ക്ക് നൽകുകയായിരുന്നു. ചികിത്സ മികച്ച രീതിയിൽ മുന്നോട്ട് പോകുന്നതിനാൽ പ്രേമ ഇപ്പോൾ ആരോഗ്യം തിരിച്ചുപിടിക്കുന്നുണ്ടെന്ന് ഡോക്ടർമാർ വ്യക്തമാക്കി. അതേസമയം പെട്ടിക്കട നടത്തുന്ന പിതാവ് രാജന്റെ തുച്ഛവരുമാനം കൊണ്ടാണ് കുടുംബം കഴിയുന്നത്. ഷീറ്റ് മേഞ്ഞ രണ്ടുമുറി വീടാണ്. അമ്മ: ചിത്ര. സഹോദരങ്ങൾ: വേദിക്, ദേവിക്.
Discussion about this post