ലോകത്താകമാനം ലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന, പലരിലും ജീവിതാന്ത്യം വരെ നിലനിൽക്കുന്ന ഒരു ജീവിതശൈലീ രോഗാവസ്ഥയാണ് പ്രമേഹം. ജീവിതശൈലികളുമായി ബന്ധപ്പെട്ടാണ് ടൈപ്പ് 2 പ്രമേഹം ഉണ്ടാകുന്നതെങ്കിൽ, ബാല്യത്തിലും കൗമാരത്തിലും ഉടലെടുക്കുന്ന രോഗാവസ്ഥയാണ് ടൈപ്പ് 1 പ്രമേഹം.
യഥാർത്ഥ കാരണം അവ്യക്തമാണെങ്കിലും പാരമ്പര്യവും പാരിസ്ഥിതിക അവസ്ഥകളുമാണ് ടൈപ്പ് 1 പ്രമേഹത്തിന് കാരണം. ശരീരത്തിലെ ഇൻസുലിൻ ഉത്പാദനത്തിന്റെ അപര്യാപ്തതയും ഇൻസുലിനോട് ശരീരം പ്രതിരോധം തീർക്കുകയും ചെയ്യുന്നതാണ് ടൈപ്പ് 2 പ്രമേഹത്തിന്റെ കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
നിലവിൽ ഈ രണ്ട് തരം പ്രമേഹങ്ങളെയും പ്രതിരോധിക്കാൻ മാർഗങ്ങൾ ഒന്നും തന്നെ നിലവിലില്ല. രോഗത്തിന്റെ തീവ്രത നിയന്ത്രിക്കാൻ ജീവിതശൈലീ ക്രമീകരണങ്ങൾ തന്നെയാണ് നിർദേശിക്കപ്പെടുന്നത്.
നവംബർ 14 ആണ് ലോക പ്രമേഹ ദിനമായി ആചരിക്കുന്നത്. 2006ലാണ് ഐക്യരാഷ്ട്ര സഭ ഈ ദിനാചരണത്തിന് ഔദ്യോഗിക അംഗീകാരം നൽകിയത്. പ്രമേഹം വരുത്തി വെക്കുന്ന വർദ്ധിച്ച ആരോഗ്യ പ്രശ്നങ്ങളും സാമ്പത്തിക നഷ്ടവുമാണ് പ്രമേഹ ദിനാചരണത്തിലേക്ക് ലോകാരോഗ്യ സംഘടനയെ നയിച്ചത്.
ദീർഘകാലം നീണ്ടു നിൽക്കുന്ന ഒരു രോഗാവസ്ഥയാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുകയും തത്ഫലമായി ഹൃദയം, രക്തക്കുഴലുകൾ, കണ്ണുകൾ, വൃക്കകൾ, നാഡീവ്യൂഹം എന്നിവക്ക് സാരമായ തകരാറുകളും ഈ രോഗം വരുത്തിവെക്കുന്നു.
ഓട്ടോ ഇമ്മ്യൂൺ ഡിസോർഡറുകളുടെ ഗണത്തിൽ ചില ആരോഗ്യ വിദഗ്ധർ പെടുത്തിയിരിക്കുന്ന രോഗമാണ് ടൈപ്പ് 1 പ്രമേഹം. കുട്ടിക്കാലം മുതൽ തന്നെ ആരംഭിക്കുന്ന ഈ അവസ്ഥയിൽ, ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം തന്നെ പാൻക്രിയാസിലെ ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന ബീറ്റ കോശങ്ങളെ നശിപ്പിച്ച് കളയുന്നു.
പൊണ്ണത്തടി, പ്രായാധിക്യം, പാരമ്പര്യം എന്നിവയാണ് ടൈപ്പ് 2 പ്രമേഹത്തിന്റെ കാരണങ്ങളായി പറയപ്പെടുന്നത്. വൈറസ് ബാധകളും പാരിസ്ഥിതിക മാറ്റങ്ങളും ടൈപ്പ് 1 പ്രമേഹത്തിന്റെ കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
കലശലായ ദാഹം, ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നൽ, അകാരണമായ ഭാരക്കുറവ്, തീവ്രമായ വിശപ്പ്, തളർച്ച എന്നിവയോടെ അതിവേഗം ആരംഭിക്കുന്ന രോഗമാണ് ടൈപ്പ് 1 പ്രമേഹം. കലശലായ ദാഹം, ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നൽ, തളർച്ച, കാഴ്ചയ്ക്ക് മങ്ങൽ, മുറിവുകൾ ഭേദമാകാൻ എടുക്കുന്ന കാലതാമസം എന്നീ ലക്ഷണങ്ങളോടെ സാവധാനമാണ് ടൈപ്പ് 2 പ്രമേഹം പിടിമുറുക്കുന്നത്.
ടൈപ്പ് 1 പ്രമേഹത്തിൽ സ്ഥിരമായി ഇൻസുലിൻ കുത്തിവെപ്പുകൾ ആവശ്യമായി വരുന്നു. ഈ രോഗം ബാധിച്ചവരിൽ സ്ഥിരമായി രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കേണ്ടി വരുന്നു. പതിവായ വ്യായാമവും സമീകൃത ആഹാരവും ഇവർ കൃത്യമായി പിന്തുടരണം.
ആരോഗ്യകരമായ ആഹാര ശീലം, ശരിയായ വ്യായാമം, ഭാരം നിയന്ത്രിക്കൽ, മരുന്നുകൾ എന്നിവ ടൈപ്പ് 2 പ്രമേഹമുള്ളവർ കൃത്യമായി ശ്രദ്ധിക്കണം.
ടൈപ്പ് 1 പ്രമേഹത്തിന് നിലവിൽ പ്രതിരോധ മാർഗങ്ങൾ ഒന്നും തന്നെയില്ല. എന്നാൽ ടൈപ്പ് 2 പ്രമേഹം വരാതെയിരിക്കാൻ നമുക്ക് ചില മാർഗങ്ങൾ പരിശീലിക്കാവുന്നതാണ്. ആരോഗ്യകരമായ ആഹാര ശീലം, ശരിയായ വ്യായാമം, ഭാരം നിയന്ത്രിക്കൽ എന്നിവയ്ക്കൊപ്പം കൃതയാമ ആരോഗ്യ പരിശോധനകളിലൂടെ, ഈ രോഗം വരുന്നത് മുൻകൂട്ടി തടയാൻ ഒരു പരിധി വരെ നമുക്ക് സാധിക്കും.
ടൈപ്പ് 1 പ്രമേഹമുള്ളവരിൽ ഹൃദ്രോഗം, വൃക്ക രോഗം, നാഡീക്ഷയം, അന്ധത എന്നിവ വരാനുള്ള സാദ്ധ്യതകൾ കൂടുതലാണ്. ഹൃദ്രോഗം, പക്ഷാഘാതം, വൃക്ക രോഗം, നാഡീക്ഷയം, കാഴ്ച പ്രശ്നങ്ങൾ എന്നിവ ടൈപ്പ് 2 പ്രമേഹമുള്ളവർക്ക് വരാൻ സാദ്ധ്യതയുണ്ട്. കൂടാതെ, ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ നില എന്നിവയും ഇവർക്ക് പിടിപെടാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി ക്രമീകരിക്കുക എന്നത് മാത്രമാണ് ഇരു വിഭാഗങ്ങൾക്കും കരണീയമായിട്ടുള്ളത്.
ടൈപ്പ് 1 പ്രമേഹമുള്ളവർ ജീവിതകാലം മുഴുവൻ ഇൻസുലിൻ തെറാപ്പി സ്വീകരിക്കേണ്ടി വരും. എന്നാൽ ജീവിതശൈലീ ക്രമീകരണങ്ങളിലൂടെയും കൃത്യമായ ചികിത്സയിലൂടെയും ഇൻസുലിൻ തെറാപ്പിയിലൂടെയും ടൈപ്പ് 2 പ്രമേഹം ഉള്ളവർക്ക് കാര്യങ്ങൾ കുറച്ച് കൂടി അനയാസമായി കൊണ്ട് പോകാൻ സാധിക്കും.
നേരത്തെയുള്ള കണ്ടെത്തൽ, ചിട്ടയായ ചികിത്സ പദ്ധതികൾ, മറ്റുള്ളവരിൽ നിന്ന് കിട്ടുന്ന പിന്തുണ എന്നിവയിലൂടെ പ്രമേഹ രോഗികൾക്ക് സ്വാഭാവികമായി ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുമെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
Discussion about this post