ഹേർ ഹൈനസ്, തമ്പുരാട്ടി എന്നീ വാക്കുകൾ കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ വലിയ കോലാഹലമാണ് ഉണ്ടാക്കിയത്. നേരത്തെ തന്നെ തിരുവിതാംകൂർ രാജകുടുംബത്തിലുള്ളവരെ അഭിസംബോധന ചെയ്യുന്ന രീതികൾക്കെതിരെ പലരും എതിർപ്പുകൾ ഉന്നയിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ പേരുകളിൽ മാത്രമാണെങ്കിൽ മറ്റു നിരവധി രാജ്യങ്ങളിൽ ഇപ്പോഴും രാജഭരണം തന്നെയാണുള്ളത്. ആ രാജ്യങ്ങളിൽ ജോലി ചെയ്ത് ജീവിക്കുന്ന മലയാളികൾ പോലും യാതൊരു എതിർപ്പും ഇല്ലാതെ ഭരണാധികാരികളെ ബഹുമാനപുരസ്സരം താണുവണങ്ങി സ്ഥാനപ്പേര് വിളിക്കുന്നവരാണ്. അത്തരത്തിൽ ഇപ്പോഴും രാജഭരണം നിലനിൽക്കുന്ന ചില രാജ്യങ്ങളെ അറിയാം.
സൗദി അറേബ്യ
സമ്പൂർണ്ണ രാജവാഴ്ചയുള്ള രാജ്യങ്ങളിൽ പ്രധാനിയാണ് സൗദി അറേബ്യ. രാജാവും പ്രധാനമന്ത്രിയും എല്ലാം ഒരാൾ തന്നെ. മന്ത്രിസഭ ഉണ്ടെങ്കിലും സഭയിലെ മന്ത്രിമാരും രാജകുടുംബത്തിൽ പെട്ടവർ തന്നെയാണ്. നിലവിൽ സൗദി രാജകുമാരന്മാരുടെ ഒരു കമ്മിറ്റിയാണ് ഭാവി സൗദി രാജാക്കന്മാരെ തിരഞ്ഞെടുക്കുന്നത്.
ഈശ്വതിനി
സ്വാസിലാൻഡ് എന്നും അറിയപ്പെടുന്ന ഈശ്വതിനി ആഫ്രിക്കയിലെ ഏക സമ്പൂർണ്ണ രാജവാഴ്ചയാണ് . അതിന്റെ നിലവിലെ രാജാവായ എംസ്വതി മൂന്നാമന് രാജ്യത്തിന്റെ മേൽ പൂർണ്ണ അധികാരമുണ്ട്. എംസ്വതി മൂന്നാമന്റെയും മറ്റ് രാജകുടുംബത്തിന്റെയും ജീവിതം കർശനമായ രഹസ്യമാക്കിയാണ് രാജ്യം സൂക്ഷിക്കുന്നത് . രാജാവിന്റെ സ്വകാര്യ ജീവിതത്തിന്റെ വിശദാംശങ്ങൾ പരസ്യപ്പെടുത്തുന്നത് പോലും ഇവിടെ നിയമവിരുദ്ധമാണ്.
ഖത്തർ
സമ്പൂർണ്ണ രാജ വാഴ്ചയുടെ മറ്റൊരു ഉദാഹരണമാണ് ഖത്തർ. 19-ാം നൂറ്റാണ്ടിന്റെ പകുതി മുതൽ അൽതാനി രാജവംശമാണ് ഖത്തർ ഭരിക്കുന്നത്. നിലവിൽ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയാണ് രാഷ്ട്രത്തലവൻ. ഇസ്ലാമിന്റെ കർശനമായ വഹാബി രീതികൾ പിന്തുടരുന്നവരാണ് ഇവർ. രാഷ്ട്രീയ പാർട്ടികളോ മറ്റ് സംഘടനകളോ രൂപീകരിക്കാൻ ഖത്തർ അനുവദിക്കുന്നില്ല. രാജ്യത്ത് സാമൂഹികവും സാംസ്കാരികവുമായ എല്ലാ തീരുമാനങ്ങളും എടുക്കുന്നത് അമീർ ആണ്.
യു.എ.ഇ
ഫെഡറൽ രാജവാഴ്ചയുടെ ഒരു ഉദാഹരണമാണ് യു.എ.ഇ. പരമ്പരാഗതമായി അബുദാബി ഭരണാധികാരിയാണ് യുഎഇയുടെ രാജാവ്. ഷെയ്ഖ് എന്ന് വിളിക്കപ്പെടുന്നവരാണ് ഭരണാധികാരികൾ. ഓരോ എമിറേറ്റുകൾക്കും പ്രത്യേകം ഭരണാധികാരികൾ ഉണ്ടെങ്കിലും പാരമ്പര്യം അനുസരിച്ച് തന്നെയാണ് ഇവർ തെരഞ്ഞെടുക്കപ്പെടുന്നത്.
യു കെ
പരമോന്നതമായ അധികാരം ഇല്ലെങ്കിലും ഇപ്പോഴും രാജവാഴ്ച തുടരുന്ന ഒരു രാജ്യമാണ് യുകെ. അന്തരിച്ച എലിസബത്ത് രാജ്ഞിക്കുശേഷം മകൻ ചാൾസ് ആണ് ഇപ്പോൾ അധികാരത്തിൽ ഉള്ളത്. രാജ്യത്തെ ഭരണഘടനാപരമായ അവകാശങ്ങൾ നിർവഹിക്കുന്നത് തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയാണ്. യുകെയുടെയും കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാന്റ് എന്നിവയുൾപ്പെടെ ബ്രിട്ടീഷ് കോമൺവെൽത്തിലെ നിരവധി അംഗങ്ങളുടെയും രാഷ്ട്രത്തലവനും കൂടിയാണ് യുകെ രാജാവ്.
ബ്രൂണെ
സമ്പൂർണ്ണ രാജവാഴ്ചയുള്ള മറ്റൊരു രാജ്യമാണ് ബ്രൂണെ. ചെറിയ രാജ്യമാണെങ്കിലും ധാരാളം എണ്ണ സമ്പത്ത് ഉള്ളതിനാൽ സമ്പന്നമാണ് ഈ രാജ്യം. സുൽത്താൻ ഹസ്സനൽ ബോൾകിയ ആണ് നിലവിൽ രാജ്യം ഭരിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട നിയമനിർമ്മാണ സഭയില്ലാത്ത രാജ്യത്ത് ഇസ്ലാമിക ശരീഅത്ത് നിയമമനുസരിച്ചാണ് ഭരണം.
അറേബ്യൻ ഉപദ്വീപ് രാഷ്ട്രങ്ങൾ
അറേബ്യൻ ഉപദ്വീപിൽ സ്ഥിതിചെയ്യുന്ന ഒട്ടുമിക്ക എല്ലാ രാജ്യങ്ങളിലും സമ്പൂർണ്ണ രാജവാഴ്ചയാണ് നടക്കുന്നത്. ഒമാൻ, കുവൈറ്റ്, ബഹ്റൈൻ എന്നിവയെല്ലാം ചില പ്രധാനപ്പെട്ട സമ്പൂർണ്ണരാജവാഴ്ച തുടരുന്ന രാജ്യങ്ങളാണ്.
Discussion about this post