തിരുവനന്തപുരം : തിരുവിതാംകൂര്‍ രാജകുടുംബത്തിന് നേരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ രൂക്ഷ വിമര്‍ശനവുമായി ജിതിന്‍ ജേക്കബ്. ആരേയും ഉപദ്രവിക്കാതെ രാജകുടുംബം എന്ന പേരില്‍ അനര്‍ഹമായ ഒന്നും നേടാതെ ജീവിക്കുന്ന അവരെ അവഹേളിക്കുന്നത് മറ്റ് ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണെന്ന് ജിതിന്‍ പറയുന്നു. ലക്ഷ്യം രാജകുടുംബം അല്ല മറിച്ച് തിരുവനന്തപുരമാണ്. സാംസ്‌കാരിക അധിനിവേശം ഉറപ്പ് വരുത്താനാണ് ഒരു കാരണവുമില്ലാതെ രാജകുടുംബത്തെ ആക്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം :
ആരെയും ഉപദ്രവിക്കാതെ, ഒന്നിലും ഇടപെടാതെ സ്വന്തം കാര്യം നോക്കി ജീവിക്കുന്ന തിരുവിതാംകൂര്‍ രാജാവംശത്തിലെ ഇപ്പോഴത്തെ അംഗങ്ങളെ അവര്‍ അറിയാത്ത കാര്യത്തിന്റെ പേരില്‍ വളഞ്ഞിട്ട് ആക്രമിക്കുന്ന കുറെ മാനസിക രോഗികളുടെ അശ്ലീലം കലര്‍ന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ കാണുക ഉണ്ടായി.
രാജകുടുംബം ആണെന്ന് പറഞ്ഞ് അവര്‍ എന്തെങ്കിലും അനര്‍ഹമായി നേടുന്നുണ്ടോ? അവര്‍ക്ക് പിന്‍വാതിലിലൂടെ നിയമനം വല്ലതും നല്‍കുന്നുണ്ടോ? അവര്‍ക്ക് മാസപ്പടി വല്ലതും നികുതിപ്പണത്തില്‍ നിന്ന് കൊടുക്കുന്നുണ്ടോ? രാജകുടുംബത്തിലെ അംഗങ്ങള്‍ക്ക് കണ്ണട മേടിക്കാന്‍ 50000 രൂപ ഖജനാവില്‍ നിന്ന് കൊടുക്കുന്നുണ്ടോ? അവരുടെ മക്കള്‍ സ്ത്രീ പീഡനത്തിലോ, കഞ്ചാവ് കേസിലോ പ്രതിയാണോ?
അള്ളാഹു അക്ബര്‍ വിളികളോടെ നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയും കൂട്ടക്കൊല ചെയ്യുകയും, അവരുടെ മൃതദ്ദേഹങ്ങളെ പോലും അവഹേളിക്കുകയും, അത് ആഘോഷിക്കുകയും ചെയ്യുന്ന ഹമാസ് എന്ന ഇസ്ലാമിക ഭീകര സംഘടന തീവ്രവാദികള്‍ അല്ല എന്ന് ‘പാണക്കാട്’ കുടുംബം പറഞ്ഞാല്‍ പിന്നെ കേരളത്തിന്റെ നിലപാട് അതാണ്..! താലിബാന്‍ വിസ്മയം എന്ന് പറഞ്ഞാല്‍ അത് അംഗീകരിച്ചോണം..
ക്രിസ്ത്യന്‍ പുരോഹിതര്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് പരസ്യമായാണ്. അത്തരത്തില്‍ എന്തെങ്കിലും ഒരു കാര്യത്തില്‍ തിരുവിതാംകൂര്‍ രാജവംശം അഭിപ്രായം പറയുകയോ, രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടുകയോ, ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയോ മറ്റോ ചെയ്യുന്നുണ്ടോ?
നമ്മളെ സംബന്ധിച്ച് നമ്മെ ഭരിച്ച മുന്‍കാലങ്ങളിലെ രാജവംശങ്ങള്‍ക്കൊക്കെ ഒരു വില്ലന്‍ പരിവേഷമാണ്. അങ്ങനെയൊരു വില്ലന്‍ പരിവേഷം നല്കാന്‍ ഇടത് ചരിത്രകാരന്മാരും, ഇസ്ലാമിക മാധ്യമങ്ങളും മനഃപൂര്‍വം ശ്രമിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തിട്ടുണ്ട്. അതായത് ഈ രാജവംശങ്ങളുടെ കുറവുകള്‍ മാത്രമാണ് നമ്മള്‍ പഠിച്ചിട്ടുള്ളത്, അവര്‍ നാടിന് വേണ്ടി ചെയ്ത കാര്യങ്ങളൊക്കെ മനഃപൂര്‍വം അവഗണിച്ചു.
നമ്മള്‍ മലയാളികള്‍ ഇന്ന് കൊട്ടിഘോഷിക്കുന്ന വിദ്യാഭ്യാസത്തിന്റെയും, ആരോഗ്യരംഗത്തിന്റെയും, പൊതുമേഖലാ സ്ഥാപനങ്ങളുടെയും എല്ലാം അടിത്തറ പാകിയത് തിരുവിതാംകൂര്‍ രാജവംശമായിരുന്നു എന്നതാണ് യാഥാര്‍ഥ്യം. സ്വാതന്ത്ര്യം കിട്ടുന്ന സമയത്ത് ഇന്ത്യയില്‍ ചെറുതും വലുതുമായി ഏകദേശം 565 നാട്ടുരാജ്യങ്ങള്‍ ഉണ്ടായിരുന്നു. ആ നാട്ടുരാജ്യങ്ങളില്‍ ഒരു ക്ഷേമ രാഷ്ട്രമായി (Welfare State) നിന്നത് തിരുവിതാംകൂര്‍ ആയിരുന്നു എന്ന് വേണമെങ്കില്‍ പറയാം.
തിരുവിതാംകൂര്‍ ഭരണാധികാരികള്‍ വളരെ ദീര്‍ഘവീക്ഷണം ഉള്ളവരായിരുന്നു. അന്നത്തെ കാലഘട്ടത്തിലെ സാമൂഹിക സാഹചര്യങ്ങളുടെ ശക്തമായ സമ്മര്‍ദം അതിജീവിച്ചും നിരവധി മാറ്റങ്ങളാണ് തിരുവിതാംകൂറില്‍ നടപ്പിലാക്കിയത്.
1812 ല്‍ തിരുവിതാംകൂറില്‍ അടിമ വ്യാപാരം നിയമം മൂലം നിര്‍ത്തല്‍ ചെയ്തു. ഇന്ത്യയില്‍ അടിമവ്യാപാരം നിരോധിക്കപ്പെട്ടത് 1843 ലാണ്.
1815 ല്‍ തിരുവിതാംകൂറില്‍ പ്രാഥമിക വിദ്യാഭ്യാസം നിര്‍ബന്ധിതവും സൗജന്യവുമാക്കി എന്ന് പറയുമ്പോള്‍ ഊഹിക്കാം ഈ ഭരണാധികാരികളുടെ ദീര്‍ഘവീക്ഷണം. ഇന്ത്യയില്‍ സൗജന്യ നിര്‍ബന്ധിത വിദ്യാഭ്യാസം എന്ന നിയമം നടപ്പിലാക്കുന്നത് 2009 ല്‍ മാത്രമാണ് എന്നോര്‍ക്കണം..!
ദേവദാസി സമ്പ്രദായം, ക്ഷേത്രങ്ങളിലെ മൃഗബലി തുടങ്ങിയവയും നിയമം മൂലം നിരോധിച്ചു. ബാലവേല തിരുവിതാംകുറില്‍ കര്‍ശനമായി നിരോധിക്കപ്പെട്ടു, വധശിക്ഷ നിര്‍ത്തലാക്കി തുടങ്ങിയ സാമൂഹിക മുന്നേറ്റങ്ങള്‍.
തിരുവിതാംകൂര്‍ സര്‍വ്വകലാശാല (ഇപ്പോഴത്തെ കേരള സര്‍വ്വകലാശാല), കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ആയുര്‍വേദ കോളേജ്, ഹോമിയോപ്പതി കോളേജ്, ആര്‍ട്‌സ് കോളേജ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റ്റെക്‌സ്‌റ്റൈല്‍ ടെക്‌നോളജി, ഡിപാര്‍ട്ട്‌മെന്റ് ഓഫ് മരീന്‍ ബയോളോജി എന്നിങ്ങനെ പോകുന്നു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിര. ആ സ്ഥാപനങ്ങളിലൊക്കെ രാജകുടുംബത്തിലെ അംഗങ്ങളുടെ ഭാര്യമാരോ, സ്തുതിപാഠകരോ അല്ല അധ്യാപകരായി വന്നത് എന്നതും എടുത്ത് പറയേണ്ടതുണ്ട്.
ശ്രീ ചിത്തിര തിരുനാളിന്റെ ഭരണകാലത്ത് രാജ്യത്തെ ഖജനാവിന്റെ 40 ശതമാനവും വിദ്യാഭ്യാസത്തിനു വേണ്ടി ആണ് ചെലവഴിച്ചിരുന്നതെന്ന് പറയുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമ്പോള്‍ രാജ്യത്തിന്റെ സാക്ഷരതാ നിരക്ക് 12% ത്തില്‍ താഴെ ആയിരുന്നപ്പോള്‍ കേരളത്തിലേത് (കൊച്ചിയും മലബാറും തിരുവിതാംകൂറും ചേര്‍ന്ന്) അത് 47% ആയിരുന്നു എന്നോര്‍ക്കണം. ഇപ്പോള്‍ മനസ്സിലായോ നമ്മുടെ വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ അടിത്തറ എവിടെനിന്നാണ് വന്നത് എന്ന്.
ഇനി വ്യവസായവല്‍ക്കരണത്തിന്റെ കാര്യമെടുത്താല്‍, ഇന്ന് നമ്മള്‍ കൊടിപിടിച്ചും, മുദ്രാവാക്യം വിളിച്ചും പൂട്ടിച്ചതും, പൂട്ടലിന്റെ വക്കില്‍ നില്‍ക്കുന്നതുമായ ഒട്ടുമിക്ക സ്ഥാപനങ്ങളും ആരംഭിച്ചത് തിരുവിതാംകൂര്‍ രാജവംശമാണ്.
പൊതുഗതാഗത രംഗത്ത് ലോകത്തില്‍ ആദ്യമായി സര്‍ക്കാര്‍ ഇടപെട്ട രാജ്യമാണ് തിരുവിതാംകൂര്‍. 1938 ഫെബ്രുവരി 20-ന് തിരുവനന്തപുരം സെന്‍ട്രല്‍ ബസ്സ്‌റ്റേഷനില്‍നിന്ന് കവടിയാറിലേക്ക് ഓടിച്ച ബസ്സായിരുന്നു സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആദ്യ പൊതു ബസ് സര്‍വീസ് , അതാണ് ഇന്നത്തെ KSRTC !
തിരുവനന്തപുരം വിമാനത്താവളം പണി കഴിപ്പിച്ചത്, തിരുവനന്തപുരം നഗരം വൈദ്യുതീകരിച്ചത്, ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്‌സ് (Travancore Titanium Products), എഫ്. എ. സി. ടി. (FACT) എന്നിവ തുടങ്ങിയത്, പള്ളിവാസല്‍ ജല വൈദ്യുത പദ്ധതി, ടെലിഫോണ്‍ സര്‍വീസുകള്‍, തേക്കടി വന്യ മൃഗ സംരക്ഷണ കേന്ദ്രം അങ്ങനെ പോകുന്നു വികസന പദ്ധതികള്‍.
മാതൃ-ശിശു രോഗചികിത്സക്കായി ശ്രീ അവിട്ടം തിരുനാള്‍ ആശുപത്രി സ്ഥാപിച്ചു. അവിടെയാണ് പിന്നീട് മെഡിക്കല്‍ കോളേജ് ഉയര്‍ന്നത്. 1865 ല്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രി, ആയുര്‍വേദ ആശുപത്രി. 1813 ല്‍ തിരുവിതാംകൂറില്‍ വാക്സിനേഷന്‍ ലഭ്യമായിരുന്നു എന്ന് പറഞ്ഞാല്‍ എത്രപേര്‍ വിശ്വസിക്കും. 200 കൊല്ലത്തിനിപ്പുറവും വാക്സിന്‍ എടുക്കാന്‍ ഭയക്കുന്ന ഒരു സമൂഹം ഉണ്ടിവിടെ എന്നോര്‍ക്കണം.
സ്വാതന്ത്ര്യത്തിന് മുമ്പ് ഇന്ത്യയിലുണ്ടായിരുന്ന നാട്ടുരാജ്യങ്ങളിലെ രാജകുടുംബങ്ങളിലെ എത്രയോ പേര്‍ ഇന്നും ഇന്ത്യയില്‍ മന്ത്രിമാരായും, ജനപ്രതിനിധികളെയും ഒക്കെ വാഴുന്നു. കേരളത്തിലെ മാധ്യമങ്ങള്‍ ഉള്‍പ്പെടെ അവരുടെ കുടുംബ മഹിമ വാഴ്ത്തി പാടുന്നത് കണ്ടിട്ടുണ്ട്.
അതേസമയം ഇന്ത്യ ജനാധിപത്യമായ ശേഷം തിരുവിതാംകൂര്‍ രാജവംശ കുടുംബാംഗങ്ങളില്‍ പലരും മറ്റു സംസ്ഥാനങ്ങളിലൊക്കെയാണ് പിന്നീട് ജീവിച്ചത് പോലും. നാടിന് വേണ്ടി ചെയ്ത നന്മയുടെ കാര്യങ്ങള്‍ പാടിപുകഴ്ത്തി നടക്കാനോ അതിന്റെ പേരില്‍ എന്തെങ്കിലും നേടിയെടുക്കാനോ അവരാരും ശ്രമിച്ചിട്ടുമില്ല. സ്വന്തം കാര്യം നോക്കി അവര്‍ ജീവിക്കുന്നു. അവരെ എന്തിനാണ് ഇങ്ങനെ അവഹേളിക്കുന്നത്?
സൗദി രാജാവ്, ഷാര്‍ജ ഷെയ്ഖ്, യുഎഇ രാജാവ്, കുവൈറ്റ് അമീര്‍, ഒമാന്‍ സുല്‍ത്താന്‍ എന്നൊക്കെ പറഞ്ഞാല്‍ ഇവിടെ തേനും പാലും ഒഴുകും. ദുബായ് രാജകുമാരന്‍ പക്ഷിക്ക് തീറ്റകൊടുത്താല്‍ കേരളത്തില്‍ അത് ഒരാഴ്ച്ച വാര്‍ത്തയാണ്. അതേസമയം നാട് ഭരിച്ച രാജവംശത്തിന്റെ തലമുറയില്‍പെട്ട ആരെങ്കിലും എന്തെങ്കിലും ഒരു ചടങ്ങില്‍ പങ്കെടുത്താല്‍ ഉടന്‍ പരിഹാസവും, അവഹേളനവും.
ഗള്‍ഫിലും, ചൈനയിലും ഒന്നും ജനാധിപത്യം ഇല്ലാത്തത് കൊണ്ട് ഇവിടുത്തെ ജനാധിപത്യവാദികള്‍ക്ക് സങ്കടം ഒന്നുമില്ലേ? അമേരിക്കന്‍ വിമാനം ചൈനയുടെ മുകളില്‍ പോയാല്‍ ഉടന്‍ പ്രമേയം പാസാക്കുന്നവര്‍ അല്ലേ, ഗള്‍ഫില്‍ ഇസ്ലാമിക രാജാഭരണം അവസാനിപ്പിച്ച് ജനാധിപത്യം കൊണ്ടുവരാന്‍ പറഞ്ഞ് സൗദി അറേബ്യയുടെ എംബസിയിലേക്ക് ഒരു മാര്‍ച്ച് നടത്തി കാണിക്ക്. അല്ലെങ്കില്‍ ചങ്കിലെ ചൈനയെ ജനാധിപത്യവല്‍ക്കരിക്കാന്‍ ഒരു കുറിമാനം എങ്കിലും അയക്ക്.ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലാന്‍ഡ് തുടങ്ങിയ 15 ഓളം രാജ്യങ്ങളുടെ തലവന്‍ ഇപ്പോഴും ബ്രിട്ടീഷ് രാജാവാണ് എന്നറിയാമോ. അതുകൊണ്ട് ജനാധിപത്യം അവിടെ ഇല്ലാതായോ?
ജനാധിപത്യ ഇന്ത്യയില്‍ രാജ കുടുംബങ്ങള്‍ക്ക് ഒരു അധികാരവും, പ്രിവിലേജും ഇല്ല. അത് ആരും ആവശ്യപ്പെടന്നുമില്ല.
അപ്പോള്‍ ഒരു കാര്യവുമില്ലാതെ ഇങ്ങനെ വളഞ്ഞിട്ട് ആക്രമിക്കുന്നു എങ്കില്‍ ഒന്നെങ്കില്‍ ഇത് ഒരു മാനസീക രോഗമാണ് അല്ലെങ്കില്‍ ചരിത്രത്തെ കുറിച്ച് ബോധമില്ലാത്തതിന്റെ കുഴപ്പം. ശരിക്കും ലജ്ജിക്കേണ്ടത് ഈ ചീത്തവിളിക്കുന്നവര്‍ തന്നെയാണ്. അത്തരം വിവരക്കേടുകളുടെ എണ്ണം അധികം വരില്ല.
പക്ഷെ അതൊന്നുമല്ല ഈ അക്രമണങ്ങളുടെ ലക്ഷ്യം, മറിച്ച് പ്രത്യേക അജണ്ടകളാണ്. ലക്ഷ്യം രാജകുടുംബം അല്ല എന്ന് ഉറപ്പ്. തിരുവനന്തപുരത്ത് അവര്‍ ഉദ്ദേശിക്കുന്നത് എന്താണ് എന്ന് പകല്‍ പോലെ വ്യക്തം.
10 വര്‍ഷം മുമ്പ് വരെ കേരളത്തില്‍ ഇല്ലാതിരുന്ന ഭക്ഷണ-വസ്ത്രധാരണ രീതികളും, കേരളത്തിന്റെയും, ഇന്ത്യയുടേയും തനതായ ആഘോഷങ്ങള്‍ക്കും, വിശ്വാസങ്ങള്‍ക്കും നേരെയുള്ള ആക്രമണവും ഒക്കെ വിരല്‍ ചൂണ്ടുന്നത് സാംസ്‌കാരിക അധിനിവേശ ശ്രമങ്ങള്‍ തന്നെയാണ്.
തിരുവിതാംകൂര്‍ രാജവംശവും വിമര്‍ശനാതീതരല്ല. വോട്ട് ചെയ്യാം എന്നല്ലാതെ ജനാധിപത്യ സംവിധാനത്തില്‍ അവര്‍ക്ക് ഒരു റോളും ഇല്ല. ആ ഭരണാധികാരികളുടെ നയങ്ങളിലും തെറ്റുകുറ്റങ്ങളും പിഴവുകളും ഒക്കെ ഉണ്ടായിരുന്നിരിക്കാം. വിമര്‍ശിക്കാം, പക്ഷെ അവഹേളിക്കാതിരുന്നുകൂടെ?
ആ വിമര്‍ശനങ്ങള്‍ക്കിടയിലും അവര്‍ ഈ നാടിന് ചെയ്ത നന്മകളുടെ ഗുണഫലങ്ങള്‍ ഇന്നും നമ്മള്‍ അനുഭവിക്കുന്നു എങ്കില്‍ അതിന്റെ പേരില്‍ നന്ദിയും അവര്‍ അര്‍ഹിക്കുന്നു എന്ന് മറക്കരുത്.
പക്ഷെ ഒരു പ്രകോപനവും ഇല്ലാതെ തുടര്‍ച്ചയായുള്ള ഈ ആക്രമങ്ങളുടെ ലക്ഷ്യം പകല്‍ പോലെ വ്യക്തമാണ്. അതില്‍ പോയി വീഴാതിരിക്കാന്‍ ഉള്ള ബുദ്ധിവൈഭവം തിരുവിതാംകൂര്‍ രാജവംശത്തിന്റ ഇപ്പോഴത്തെ അംഗങ്ങള്‍ക്ക് ഉള്ളത് ശ്രീപദ്മനാഭ സ്വാമിയുടെ അനുഗ്രഹം കൊണ്ടായിരിക്കാം..
Discussion about this post