കൊല്‍ക്കത്ത : ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന സെമി ഫൈനൽ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് തോൽവി. ഇതോടെ 2023 ഏകദിന ലോകകപ്പില്‍ ഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയയെ നേരിടും. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക തോറ്റത്.
ഡേവിഡ് മില്ലറുടെ സെഞ്ച്വറി മാറ്റിനിര്‍ത്തിയാല്‍ ദക്ഷിണാഫ്രിക്കയുടെ സെമിഫൈനൽ മത്സരത്തിലെ ബാറ്റിങ് നിര ദുരന്തമായിരുന്നു. മോശം ഫീൽഡിങ്ങും ദക്ഷിണാഫ്രിക്കയ്ക്ക് വിനയായി. അഞ്ചാം തവണയാണ് ദക്ഷിണാഫ്രിക്ക ലോകകപ്പ് സെമിയിൽ തോൽക്കുന്നത്.
ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 213 റണ്‍സെന്ന വിജയലക്ഷ്യം ഓസീസ് വെറും 16 പന്ത് ബാക്കി നിൽക്കെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഓപ്പണർമാരായ ട്രാവിസ് ഹെഡും ഡേവിഡ് വാര്‍ണറും തുടക്കത്തിൽതന്നെ മത്സരത്തിൽ ഓസീസിന് മേൽക്കൈ നൽകി. 18 പന്തില്‍ ഒരു ഫോറും നാല് സിക്‌സുമടക്കം 29 റണ്‍സെടുത്താണ് വാര്‍ണര്‍ മടങ്ങിയത്.
ഞായറാഴ്ച അഹമ്മദാബാദിലാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഫൈനൽ മത്സരം നടക്കുക. അഞ്ചുവട്ടം ചാമ്പ്യന്മാരായ ആസ്‌ട്രേലിയയുടെ എട്ടാം ഫൈനലാണിത്. ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിൽ ഫൈനൽ മത്സരത്തിലെ ഇന്ത്യയുടെ പ്രകടനം കാണാനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.
Discussion about this post