കൊച്ചി: കളമശ്ശേരി സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി. സ്ഫോടനത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാറ്റൂർ സ്വദേശി പ്രവീൺ ആണ് മരിച്ചത്. പ്രവീണിന്റെ അമ്മ മലയാറ്റൂര്‍ സ്വദേശിനി സാലി പ്രദീപന്‍ കഴിഞ്ഞ 11ന് മരിച്ചിരുന്നു. സ്ഫോടനം നടന്ന ദിവസം 12 വയസുകാരിയായ സഹോദരി ലിബിനയും മരിച്ചു.
ലിബിനയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു പ്രവീണിന് പൊള്ളലേറ്റത്. ഇതോടെ ഒരു കുടുബത്തിലെ മൂന്ന് പേർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. നിലവിൽ എട്ട് പേരാണ് സ്ഫോടനത്തിൽ ഗുരുതരമായി പൊള്ളലേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്.
അതേസമയം, സ്ഫോടനത്തിന് ഉപയോഗിച്ച നാല് റിമോട്ടുകൾ തെളിവെടുപ്പിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പോലീസ് കണ്ടെടുത്തിരുന്നു. സ്ഫോടനത്തിന് ശേഷം ഇരുചക്ര വാഹനത്തിൽ കൊടകര പൊലീസ് സ്റ്റേഷനിലെത്തിയ പ്രതി മാർട്ടിൻ വാഹനത്തിനുള്ളിൽ റിമോട്ടുകൾ സൂക്ഷിച്ചിരിക്കുകയായിരുന്നു. വെള്ള കവറിൽ പൊതിഞ്ഞ നിലയിലാണ് റിമോട്ടുകൾ കണ്ടെത്തിയത്.
Discussion about this post